ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: സംസ്ഥാനത്തെയും രാജ്യത്തെയും നടുക്കി നൂറോളം വിലപ്പെട്ട ജീവനുകൾ നഷ്ടമായ അതിരൂക്ഷമായ മഴക്കെടുതികളോടു കേരളം ഒറ്റക്കെട്ടായി പോരാടുന്പോഴും രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മുതിർന്ന കേന്ദ്രമന്ത്രിമാരും വാക്കുകൊണ്ടുപോലും ആശ്വാസം പകരാതിരിക്കുന്നതിനെതിരേ വ്യാപക പ്രതിഷേധം.
പ്രളയദുരന്തത്തിന്റെ കെടുതികളും മരണങ്ങളും താരതമ്യേന കുറവായ കർണാടകയിലും മഹാരാഷ്ട്രയിലും ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിരോധമന്ത്രി നിർമല സീതാരാമാനും പര്യടനം നടത്തിയിട്ടും തൊട്ടടുത്തുള്ള കേരളത്തിലേക്കു തിരിഞ്ഞുനോക്കാതിരുന്നതാണ് കൂടുതൽ അദ്ഭുതപ്പെടുത്തുന്നത്.
കേരളത്തിലെ പ്രളയം അനേക ദിവസങ്ങളായി രൂക്ഷമായി തുടർന്നിട്ടും ദിവസേന ട്വിറ്ററിൽ കുറിപ്പെഴുതുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ പോലും ഒരു ആശ്വാസവാക്കോ, സഹായവാഗ്ദാനമോ നൽകിയിട്ടില്ല. ദുരന്തനിവാരണത്തിന്റെയും കേന്ദ്രസഹായത്തിന്റെയും ചുമതലയുള്ള ആഭ്യന്തരമന്ത്രി അമിത് ഷായും കേരളത്തോടു ചിറ്റമ്മ നയത്തിലാണ്. ആഭ്യന്തരമന്ത്രി നേരിട്ട് കർണാടകയിൽ വ്യോമനിരീക്ഷണം നടത്തിയിട്ടും തൊട്ടടുത്തുള്ള കേരളത്തിലെ ദുരന്തത്തിന്റെ നടുക്കുന്ന ഭീകരക്കാഴ്ചകൾ കാണാൻ തയാറായില്ല. മഹാരാഷ് ട്രയിലും അമിത്ഷാ വ്യോമനിരീക്ഷണം നടത്തി.
ബെൽഗാം അടക്കമുള്ള കർണാടകയിലെ പ്രളയബാധിത പ്രദേശങ്ങളിൽ നേരിട്ടെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമനും തൊട്ടടുത്തുള്ള കേരളത്തെ അവഗണിച്ചു. ബിജെപി ഭരണ സംസ്ഥാനങ്ങളിലെ മഴക്കെടുതികൾ വിലയിരുത്താനും ഇരകളെ ആശ്വസിപ്പിക്കാനും സമയം ചെലവഴിച്ച നിർമലയും ഷായും പക്ഷേ കൂടുതൽ ദുരന്തബാധിതമായ കേരളത്തെ ഒഴിവാക്കുകയായിരുന്നു. കേന്ദ്രമന്ത്രിസഭയിലെ മലയാളിയായ ഏക മന്ത്രി വി. മുരളീധരനും തൊടുന്യായങ്ങൾ നിരത്തി സ്വന്തം നാട്ടിലെ പ്രളയബാധിത പ്രദേശങ്ങൾ ഇനിയും സന്ദർശിച്ചിട്ടില്ല.
കേരളത്തിന്റെ പ്രളയ ദുരിതാശ്വാസ ചുമതലയുള്ള കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയുമായി മുരളീധരൻ ഇന്നലെ വീണ്ടും ചർച്ച നടത്തിയിട്ടുണ്ട്. കേരളത്തിന് ആവശ്യമായ എല്ലാ സഹായവും കേന്ദ്രം നൽകുന്നുണ്ടെന്നും ദുരിതാശ്വാസത്തിൽ രാഷ്ട്രീയവ്യത്യാസമില്ലാതെ കേരളവും കേന്ദ്രവും നല്ല ഏകോപനത്തോടെയാണു പ്രവർത്തിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.കോണ്ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി വയനാട്ടിലും മലപ്പുറത്തും വിശദമായ സന്ദർശനം നടത്തിയതു വലിയ ദേശീയ പ്രാധാന്യം നേടി.
മേപ്പാടിയിൽ അടക്കം ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനം തടസപ്പെടുത്താതെയും ജനങ്ങൾക്കു പ്രത്യാശ നൽകിയുമായിരുന്നു രാഹുലിന്റെ സന്ദർശനമെന്നതും ശ്രദ്ധേയമായി. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന മന്ത്രിമാരും ഭരണ-പ്രതിപക്ഷ നേതാക്കളും എംപിമാർ, എംഎൽഎമാർ തുടങ്ങിയവരും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണ്.
കഴിഞ്ഞ ഞായറാഴ്ചയാണ് അമിത് ഷാ ബിജെപി ഭരണ സംസ്ഥാനങ്ങളായ കർണാടകയിലും മഹാരാഷ്ട്രയിലും പ്രളയക്കെടുതിയുണ്ടായ മേഖലകളിൽ വ്യോമനിരീക്ഷണം നടത്തിയത്. കർണാടകയിലെ ബെൽഗാമിലും മഹാരാഷ്ട്രയിലെ കോലാപുർ, സാംഗ്ലി എന്നിവിടങ്ങളിലെ പ്രളയബാധിത പ്രദേശങ്ങളിൽ വ്യോമനിരീക്ഷണം നടത്തി.
കർണാടകത്തിൽ സന്ദർശനം നടത്തിയിട്ടും കേരളത്തെ ഒഴിവാക്കിയതിൽ സിപിഎം കേന്ദ്ര കമ്മിറ്റി അപലപിച്ചു. കേന്ദ്രസർക്കാർ കേരളത്തെ ഒഴിവാക്കി ബിജെപി ഭരണ സംസ്ഥാനങ്ങളിൽ മാത്രം പര്യടനം നടത്തിയത് ഞെട്ടിക്കുന്നതാണെന്ന് കോണ്ഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടി. എന്നാൽ, ദുരന്തസമയത്ത് പ്രശ്നം രാഷ്ട്രീയവത്കരിക്കാൻ ഉദ്ദേശ്യമില്ലെന്നും എഐസിസി നേതൃത്വം വ്യക്തമാക്കി.