ന്യൂഡൽഹി: വലയ സൂര്യഗ്രഹണമെന്ന നൂറ്റാണ്ടിലെ വിസ്മയം മലയാളികളടക്കം നിരവധിയാളുകളാണ് കണ്ടത്. എന്നാൽ മേഘങ്ങൾ കാഴ്ചമറച്ചതിനാൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗ്രഹണം കാണാനായില്ല. ഗ്രഹണം കാണാനുള്ള പ്രത്യേക കണ്ണടകൾ അടക്കം സജ്ജീകരിച്ചിരുന്നെങ്കിലും നിരാശപ്പെടേണ്ടി വന്നു. അതിലുള്ള നിരാശ മോദി ട്വിറ്ററിലൂടെ പ്രകടിപ്പിച്ചു.
എല്ലാ ഇന്ത്യക്കാരെയും പോലെ ഞാനും സൂര്യഗ്രഹണം കാണാനുള്ള ആവേശത്തിലായിരുന്നു. നിർഭാഗ്യവശാൽ, മേഘങ്ങൾ മറച്ചതു കാരണം സൂര്യനെ കാണാൻ സാധിച്ചില്ല. പക്ഷേ, കോഴിക്കോട്ടെ വലയസൂര്യഗ്രഹണം ലൈവ് സ്ട്രീമിലൂടെ വ്യക്തമായി കണ്ടു. മാത്രമല്ല, വലയ സൂര്യഗ്രഹണത്തെക്കുറിച്ച് വിദഗ്ധരുമായി ചർച്ച ചെയ്തു വിശദമായി പഠിച്ചെന്നും മോദി ട്വീറ്റ് ചെയ്തു.
സൂര്യനെ നോക്കിനിൽക്കുന്നതും വിദഗ്ധരുമായി സംസാരിക്കുന്നതുമായി നിരവധി ചിത്രങ്ങളും പ്രധാനമന്ത്രി ട്വിറ്ററിലൂടെ പങ്കുവച്ചു. ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ ഒരു തമാശയായി പ്രചരിച്ചു തുടങ്ങിയെന്ന “ഗപ്പിസ്ഥാൻ റേഡിയോ’ എന്ന ട്വിറ്റർ ഹാൻഡിലിൽ കമന്റും വന്നു. ഇതിന് മറുപടിയായി വളരെ നന്ദി, എൻജോയ്’ എന്ന് മോദി റീട്വീറ്റും ചെയ്തു.
ഡൽഹിയിൽ രാവിലെ 8.17ന് ദൃശ്യമായി തുടങ്ങിയ ഗ്രഹണം 10.57 വരെ നീണ്ടു നിന്നതായാണ് റിപ്പോർട്ട്. കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും ഗ്രഹണം ദൃശ്യമായി. കേരളത്തിൽ വലയസൂര്യഗ്രഹണം ദൃശ്യമായത് വടക്കന്‍ ജില്ലകളിലാണ്. മറ്റിടങ്ങളില്‍ ഭാഗിക സൂര്യഗ്രഹണമായിരുന്നു. കാസര്‍ഗോഡ് ചെറുവത്തൂർ 8.04നാണ് ഗ്രഹണം ആദ്യം ദൃശ്യമായി തുടങ്ങിയത്.