തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തും. ജൂണ്‍ 17ന് ഉദ്ഘാടനത്തിന് സമയം അനുവദിച്ച് അദ്ദേഹത്തിന്റെ ഓഫീസ് മുഖ്യമന്ത്രിയുടെ ഓഫീസിന് കത്തയച്ചു. ആലുവയിലായിരിക്കും ഉദ്ഘാടനചടങ്ങുകൾ. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുക.
സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് കൊച്ചി മെട്രോയുടെ ഉദ്ഘാടനം ഈ മാസം 30നു നടത്തുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രസ്താവിച്ചത് വിവാദമുയർത്തിയിരുന്നു.
മന്ത്രിയുടെ പരാമർശം വാർത്തയായതോടെ പ്രധാനമന്ത്രിയുടെ അസൗകര്യം നോക്കി മെട്രോ റെയിൽ ഉദ്ഘാടനം നിശ്ചയിച്ച സംസ്ഥാന സർക്കാരിന്റെ നടപടി രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ആരോപിച്ചു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ രംഗത്തെത്തി. ഇതേതുടർന്ന് പ്രധാനമന്ത്രി തന്നെയാവും ഉദ്ഘാടനം നിർവഹിക്കുയെന്ന് മുഖ്യമന്ത്രി അസന്നിഗ്ദമായി പ്രഖ്യാപിച്ചതോടെയാണ് വിവാദമൊടുങ്ങിയത്.
കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയുടെ സമയം കാത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഏപ്രിൽ മാസത്തിൽ തന്നെ മെട്രോയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയുടെ സമയം തേടി സർക്കാർ കേന്ദ്രത്തിന് കത്തയച്ചിരുന്നതായും ഇതിന് അനുകൂലമായ മറുപടി ലഭിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. മെട്രോ ഉദ്ഘാടനം ചെയ്യേണ്ടത് രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.