കൊച്ചി: ദ്വിദിന കേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി 4,000 കോടിയുടെ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ചു. കൊച്ചിന് ഷിപ്പ് യാര്‍ഡില്‍ നടന്ന ചടങ്ങിൽ കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡിന്റെ (സിഎസ്എല്‍) ഡ്രൈ ഡോക്ക് (എന്‍ഒഡി), കപ്പല്‍ അറ്റകുറ്റപ്പണിയ്ക്കുള്ള അന്താരാഷ്ട്ര കേന്ദ്രം (ഐഎസ്ആര്‍എഫ്), ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് ലിമിറ്റഡിന്റെ എല്‍പിജി ഇറക്കുമതി ടെര്‍മിനല്‍ എന്നീ മൂന്ന് പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
കൊച്ചി കപ്പല്‍ ശാലയില്‍ 1799 കോടി രൂപ ചിലവിലാണ് പുതിയ ഡ്രൈ ഡോക്ക് നിര്‍മാണം പൂര്‍ത്തിയായത്. കുറഞ്ഞ പാരിസ്ഥിതിക ആഘാതം, ഉയര്‍ന്ന സുരക്ഷിതത്വം, മികച്ച പ്രവര്‍ത്തന ക്ഷമത എന്നിവയാണ് ഈ ഡ്രൈ ഡോക്കിന്റെ പ്രത്യേകതകള്‍. ഇതിന് പുറമെ 970 കോടി രൂപ ചെലവഴിച്ചാണ് രാജ്യാന്തര കപ്പല്‍ അറ്റകുറ്റപ്പണി ശാല ഒരുക്കിയിട്ടുണ്ട്. വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ കൊച്ചിന് പോര്‍ട്ട് അതോറിറ്റിയുടെ 42 ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്താണ് ഈ കേന്ദ്രം സജ്ജമാക്കിയത്. കൊച്ചിയെ ആഗോള കപ്പല്‍ റിപ്പയര്‍ കേന്ദ്രമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്.
പുതുവൈപ്പിനിലാണ് ഐഒസിയുടെ പുതിയ എല്‍ പി ജി ഇംപോര്‍ട്ട് ടെര്‍മിനല്‍ സ്ഥാപിച്ചിട്ടുള്ളത്. 1236 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ചതാണ് ഈ ടെര്‍മിനല്‍. 15400 മെട്രിക് ടണ്‍ സംഭരണ ശേഷിയുള്ള ഈ ടെര്‍മിനല്‍ ദക്ഷിണേന്ത്യയിലെ എല്‍ പി ജി ആവശ്യകത നിറവേറ്റാന്‍ ശേഷിയുള്ള വിധത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. എല്‍ പി ജി വിതരണത്തില്‍ പ്രതിവര്‍ഷം 150 കോടിയുടെ ചിലവ് കുറക്കാനും 18000 ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കാനും ഈ ടെര്‍മിനല്‍ സഹായിക്കും.
നടന് സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങളിലും തൃപ്രയാര്‍ ക്ഷേത്രദര്‍ശനത്തിനുമായി പ്രധാനമന്ത്രി രാവിലെ കൊച്ചിയില്‍നിന്ന് ഹെലികോപ്ടറിലാണ് അവിടേയ്ക്ക് എത്തിയത്. വിവാഹച്ചടങ്ങും ക്ഷേത്രദര്‍ശനവും പൂര്‍ത്തിയാക്കി അദ്ദേഹം ഉച്ചയ്ക്ക് 12 ഓടെ കൊച്ചിയില്‍ തിരിച്ചെത്തി. ഒന്നരയോടെ എറണാകുളം മറൈന്‍ ഡ്രൈവില്‍ ബിജെപി “ശക്തികേന്ദ്ര പ്രമുഖരുടെ’ സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ശേഷം വൈകിട്ടോടെ ഡല്‍ഹിക്ക് മടങ്ങും.