സ്വന്തംലേഖകന്‍
കോഴിക്കോട് : എന്‍ഡിഎയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് കോഴിക്കോട്ടെത്തും. മലബാര്‍ മേഖലയിലെ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന “വിജയ് സങ്കല്‍പ്പ്’ റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി എത്തുന്നത്. വൈകുന്നേരം 6.10ന് കരിപ്പൂരില്‍ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാര്‍ഗം കോഴിക്കോട് കടപ്പുറത്തെ സമ്മേളന നഗരിയില്‍ എത്തിച്ചേരും.
കര്‍ണാടകയിലെ ഹുബ്ലിയില്‍ നിന്നാണ് പ്രത്യേക വിമാനത്തില്‍ അദ്ദേഹം കരിപ്പൂരില്‍ വന്നിറങ്ങുന്നത്. അവിടെ നിന്ന് 6.15 ഓടെ കോഴിക്കോടേക്ക് യാത്ര തിരിക്കുമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം. കടപ്പുറത്ത് എത്തിച്ചേരുന്ന പ്രധാനമന്ത്രി ഒരുമണിക്കൂറോളം അവിടെ ചെലവഴിക്കും.
പിന്നീട് റോഡ് മാര്‍ഗം തന്നെ കരിപ്പൂരിലെത്തി അവിടെനിന്ന് പ്രത്യേക വിമാനത്തില്‍ തമിഴ്നാട്ടിലെ മധുരയിലേക്ക് പോവും. നിലവില്‍ ലഭ്യമായ വിവരമനുസരിച്ച് സമയക്രമത്തില്‍ ചെറിയ മാറ്റങ്ങളുണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് കോഴിക്കോട് നഗരത്തിലും അദ്ദേഹം കടന്നുവരുന്ന റോഡുകളിലും ഒരുക്കിയിരിക്കുന്നത്. ഉത്തരമേഖലാ എഡിജിപി ഷെയ്ഖ് പര്‍വേഷ് സാഹിബ്, കണ്ണൂര്‍ റേഞ്ച് ഐജി എം.ആര്. അജിത്കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ്ജിനാണ് സുരക്ഷാ ചുമതല. കമ്മീഷണറും മറ്റു ഉന്നതപോലീസുദ്യോഗസ്ഥരും ഇന്നലെ ടാഗോര്‍ഹാളില്‍ സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി യോഗം ചേര്‍ന്നു.
കമാന്‍ഡോകളും സായുധസേനാ വിഭാഗവും ഉള്‍പ്പെടെ 2000 പോലീസുദ്യോഗസ്ഥരെയാണ് കോഴിക്കോട് വിന്യസിപ്പിച്ചിരിക്കുന്നത്. 10 എസ്പിമാരുടെ നേതൃത്വത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന കോഴിക്കോട് കടപ്പുറത്തെ വേദിയുടെ ചുമതല കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ഡോ.ശ്രീനിവാസനാണ്.
ബീച്ചിലെ പരിപാടികള്‍ കാണാനായെത്തുന്ന ജനങ്ങളുടെ സുരക്ഷാചുമതല ക്രൈംബ്രാഞ്ച് എറണാകുളം എസ്പി മുഹമ്മദ് റഫീഖിനാണ്. ബീച്ച് റോഡിന്റെ ചുമതല കോഴിക്കോട് സിറ്റി ഡിസിപി ജമാലുദ്ദീനും പ്രധാനമന്ത്രി കടന്നുവരുന്ന റൂട്ടിന്റെ ചുമതല തിരുവനന്തപുരം ട്രാഫിക് എസ്പി കെ.കെ.മാര്ക്കോസിനുമാണ്. പ്രധാനമന്ത്രി സഞ്ചരിക്കുന്ന വാഹനമുള്‍പ്പെടെയുള്ള വാഹനവ്യൂഹത്തിന്റെ (മോട്ടോര്‍ കാഡ്) പൂര്‍ണ ചുമതല കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പി സുനില്ബാബുവിനാണ്.
ഇവരെ കൂടാതെ അഞ്ച് അഡീഷണല്‍ എസ്പിമാരേയും 30 ഡിവൈഎസ്പിമാരേയും 100 ഇന്സ്പക്ടര്മാരേയും സുരക്ഷയ്ക്കായി കോഴിക്കോട് നഗത്തില്‍ വിന്യസിപ്പിച്ചിട്ടുണ്ട്. 1700 പോലീസുകരേയും 150 വനിതാ പോലീസുകാരേയും വിന്യസിപ്പിച്ചിട്ടുണ്ട്. ബോംബ്സ്ക്വാഡും ഡോഗ് സ്ക്വാഡും വേദിയിലും പരിസരങ്ങളിലും പരിശോധന നടത്തി.
എസ്പിജി സംഘം കടപ്പുറത്തും പ്രധാനമന്ത്രി കടന്നുവരുന്ന റോഡുകളിലും ഇന്നലെ പരിശോധന നടത്തി. കടപ്പുറത്തെ വേദിയുടെ കാല്നാട്ടുന്നതുവരെ എസ്പിജിയുടെ നിയന്ത്രണത്തിലായിരുന്നു. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡ് പരിശോധന ഇപ്പോഴും തുടരുന്നുണ്ട്. കരിപ്പൂര്‍ മുതല്‍ കോഴിക്കോട് കടപ്പുറം വരെയുള്ള ഭാഗങ്ങളിലൂടെയുള്ള ഗതാഗതത്തിന് പോലീസ് നിയന്ത്രണമേര്‍പ്പെടുത്തി .
ബൈപാസ് റോഡിലേക്കുള്ള എല്ലാ പോക്കറ്റ് റോഡുകളും പോലീസ് താത്കാലികമായി അടച്ചിടും. പ്രധാനമന്ത്രി പോയാല്‍ മാത്രമേ ഈ റോഡിലൂടെ ഗതാഗതം പുനസ്ഥാപിക്കൂ. പോലീസ് നഗരത്തിലെ ഹോട്ടലുകളും തിരക്കേറിയ ഇടങ്ങളിലും പരിശോധന തുടരുകയാണ്.
വാഹനപരിശോധനയും കര്‍ശനമാക്കി. കടപ്പുറത്ത് നടക്കുന്ന മഹാസമ്മേളനത്തില്‍ എന്‍ഡിഎയുടെ കാസര്‍ഗോഡ് മുതല്‍ പാലക്കാട് പാര്‍ലമെന്റ് മണ്ഡലം വരെയുള്ള സ്ഥാനാര്‍ഥികളും സംസ്ഥാന നേതാക്കളും പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും. മലപ്പുറം,കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ മുഴുവന്‍ പ്രവര്‍ത്തകരും പൊതുജനങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കും.