സെബി മാത്യു
ന്യൂഡൽഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ ജനഹിതം മാനിക്കാതെ പാസാക്കിയ വിവാദ കാര്‍ഷിക നിയമങ്ങള്‍ ഒടുവില്‍ ജനവിധി ഭയന്നു പിന്‍വലിക്കേണ്ടി വന്നിരിക്കുന്നു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ആരംഭിച്ച കര്‍ഷക സമരത്തെ ഒട്ടും കണക്കിലെടുക്കേണ്ടന്ന കരുതലില്‍ മുന്നോട്ടു നീങ്ങിയ സര്‍ക്കാരിന് ഒടുവില്‍ കര്‍ഷക രോഷത്തിന്റെ മുന്നില്‍ മുട്ടു മടക്കാതെ രക്ഷയില്ലെന്ന അവസ്ഥയിലെത്തി.
കടുംപിടിത്തം വിട്ടു
കാര്‍ഷിക നിയമങ്ങള്‍ ഒരു കാരണവശാലും പിന്‍വലിക്കുന്ന പ്രശ്നമേയില്ലെന്നാണ് ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് പോലും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞത്. പതിനൊന്നു വട്ടം കര്‍ഷകരുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷവും വിവാദ നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന പിടിവാശിയില്‍ സര്‍ക്കാര്‍ ഉറച്ചു നിന്നു.
ഒടുവില്‍ ഉത്തര്‍പ്രദേശും പഞ്ചാബും ഉള്‍പ്പടെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന ഭയത്താല്‍ തന്നെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ മൂന്നു കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാന്‍ തയാറായത്.
പശ്ചിമ ബംഗാള്‍ തെരഞ്ഞൈടുപ്പില്‍ രാകേഷ് ടിക്കായത്ത് ഉള്‍പ്പടെ കര്‍ഷക നേതാക്കള്‍ മമതയ്ക്കൊപ്പം അണിനിരന്നതോടെ തെരഞ്ഞെടുപ്പില്‍ ബിജെപിപ്പ് വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.
ഹിമാചല്‍ പ്രദേശില്‍ ഉപതെരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റ് നഷ്ടമായ തിരിച്ചടി ഉള്‍പ്പടെ ഏറ്റ പ്രഹരങ്ങളും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിച്ചു.
ഉത്തര്‍പ്രദേശിലും പഞ്ചാബിലും നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ കര്‍ഷക രോഷം അടക്കാതെ മറ്റൊരു വഴിയും മുന്നിലില്ലെന്ന് അവസ്ഥയിലായിരുന്നു ബിജെപി. വിവാദ കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയതിനു പിന്നാലെ തന്നെ കേന്ദ്രമന്ത്രി സ്ഥാനവും സഖ്യവും ഉപേക്ഷിച്ചു അകന്നു മാറിയ ശിരോമണി അകാലിദളിന്റെ കൈ പിടിക്കാതെ ബിജെപിക്ക് പഞ്ചാബില്‍ ഒറ്റയ്ക്കൊരു മുന്നേറ്റം സാധ്യമേയല്ല.
യുപിയിലെ തലവേദന
അതേസമയം, പടിഞ്ഞാറന്‍ യുപിയില്‍ വ്യാപകമായ കര്‍ഷക രോഷവും കണക്കിലെടുക്കേണ്ടി വരും. യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ മുഷ്ടി ചുരുട്ടിയുള്ള ഭരണപാടവും കൊണ്ടു മാത്രം ഉത്തര്‍പ്രദേശില്‍ അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയില്ലെന്നും ബിജെപിക്കു നന്നായി അറിയാം.
അതിനിടെയാണ് താക്കൂര്‍ വിഭാഗക്കാരനായ യോഗിയോടു യുപിയിലെ ഭൂരിപക്ഷ ബ്രാഹ്മണ വിഭാഗം ബിജെപിക്കുള്ളില്‍ തന്നെ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയതും. അതോടൊപ്പം ഉത്തര്‍പ്രദേശില്‍ കര്‍ഷകര്‍ നടത്തി വന്നതും ഇനി പ്രഖ്യാപിച്ചിരിക്കുന്നതുമായ മഹാപഞ്ചായത്തുകളും ബിജെപിയെ ഭയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു.
നവംബര്‍ 22ന് കര്‍ഷകര്‍ ലക്നൗവില്‍ മഹാപഞ്ചായത്ത് പ്രഖ്യാപിച്ചിരുന്നു. ഈ സമ്മേളനത്തിന് എന്തെങ്കിലും തടസം ഉണ്ടായാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെയും സംസ്ഥാനത്തു പിന്നെ കാലു കുത്താന്‍ പോലും അനുവദിക്കില്ലെന്ന് ഇന്നലെ രാത്രി കൂടി ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടികായത്ത് മുന്നറിയിപ്പു നല്‍കിയിരുന്നു.
ഉത്തരേന്ത്യയിലെ കടുത്ത രണ്ടു മഞ്ഞുകാലങ്ങളെയും ഒരു കൊടിയ വേനലിനെയും അതിലപ്പുറം കോവിഡ് പ്രതിസന്ധിയേയും മറികടന്നു കര്‍ഷകര്‍ മുന്നോട്ടു നയിച്ച സമരം ആണ് ഇപ്പോള്‍ വിജയത്തിലെത്തിയിരിക്കുന്നത്.
കര്‍ഷക സമരം ആരംഭിച്ചതിനു ശേഷം ഇതുവരെ 600ല്‍ അധികം കര്‍ഷകരാണ് സമരത്തിനിടെ മരിച്ചത്. ഈ വിജയം ആ രക്തസാക്ഷികളുടെ ഓര്‍മകള്‍ക്ക് മുന്നില്‍ എന്നും ജ്വലിച്ചു നില്ക്കും.