ന്യൂഡൽഹി: ഇന്ത്യ-ചൈന സംഘർഷമേഖലയായ ലഡാക്കിൽ അപ്രതീക്ഷിത സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച രാവിലെ സംയുക്ത സേനാമേധാവി ബിപിൻ റാവത്തിനൊപ്പമാണ് പ്രധാനമന്ത്രി ലഡാക്കിലെ ലേയിൽ എത്തിയത്. കരസേന മേധാവി മുകുന്ദ് നരവനെയും സംഘത്തിലുണ്ടായിരുന്നു.
ലേയിലെ സന്ദർശനത്തിനു ശേഷം പ്രധാനമന്ത്രി നിമുവിലെത്തി. നിമുവിൽ സൈനികരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ലഫ്. ജനറൽ ഹരീന്ദർ സിംഗ് അതിർത്തിയിലെ സ്ഥിതിഗതികൾ വിശദീകരിച്ചു.
അതിർത്തിയിലെ സാഹചര്യം നേരിട്ട് മനസിലാക്കി വിലയിരുത്തുന്നതിനാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. മുൻകൂട്ടി പ്രഖ്യാപിക്കാതെ ആയിരുന്നു യാത്ര.
കേന്ദ്രസർക്കാർ വാർത്താ ചാനലായ ദൂരദർശൻ ആണ് വാർത്ത പുറത്തുവിട്ടത്. വ്യാഴാഴ്ച വൈകിട്ട് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ലഡാക്ക് സന്ദർശിക്കുമെന്ന് വാർത്തയുണ്ടായിരുന്നു. എന്നാൽ ഇത് അവസാന നിമിഷം മാറ്റിവച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനം ആ ഘട്ടത്തിലും കേന്ദ്രം രഹസ്യമാക്കിവച്ചു.
ലേയിൽ എത്തിയ പ്രധാനമന്ത്രി ചൈനയുമായുള്ള സംഘർഷത്തിൽ പരിക്കേറ്റ സൈനികരെ കാണുമെന്നാണ് കരുതുന്നത്. പരിക്കേറ്റ സൈനികർ ലേയിലെ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.