ന്യൂഡൽഹി: ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പാപ്പ, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. ജി7 ചർച്ചയിൽ ആദ്യമായാണ് ഒരു മാർപാപ്പ പങ്കെടുക്കുന്നത്.
നിർമിത ബുദ്ധിയുടെ ധാർമികതയെക്കുറിച്ചുള്ള സെഷനിലാണ് ജി7 നേതാക്കളുടെ ചർച്ചയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കുന്നത്. 2021 ഒക്ടോബറിലാണു പ്രധാനമന്ത്രി അവസാനമായി മാർപാപ്പയെ സന്ദർശിച്ചത്. അമേരിക്ക, യുക്രെയ്ൻ, ഫ്രാൻസ് രാജ്യതലവന്മാരുമായും മാർപാപ്പ കൂടിക്കാഴ്ച നടത്തുന്നുണ്ട്.
മോദിയും ബൈഡനും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്നു യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവനാണ് അറിയിച്ചത്. മൂന്നാംതവണ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് അഭിനന്ദനങ്ങൾ അറിയിക്കാൻ ബൈഡൻ മോദിയുമായി ഫോണിൽ സംസാരിച്ചതായും സള്ളിവൻ പറഞ്ഞു.