രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മൗറീഷ്യസിലെത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ സമ്മാനമായി മൗറീഷ്യൻ പ്രധാനമന്ത്രി നവിൻചന്ദ്ര രംഗൂലിനും പ്രസിഡന്റ് ധരം ഗോഖൂലിനും മഹാകുംഭമേള നടന്ന ത്രിവേണി സംഗമജലം കൈമാറി.
ഇതോടൊപ്പം ബിഹാറിന്റെ വിശിഷ്ട ഭക്ഷണമായ മഖാനയും മറ്റ് സമ്മാനങ്ങളും നൽകി. പ്രഥമ വനിത ബൃന്ദ ഗോഖൂലിന് ഇന്ത്യയുടെ സ്വന്തം ബനാറസ് സാരിയും സമ്മാനിച്ചു.
മൗറീഷ്യസ് പരമോന്നത സിവിലിയൻ പുരസ്കാരമായ ‘ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ആൻഡ് കീ’ നൽകി നരേന്ദ്ര മോദിയെ മൗറീഷ്യസ് പ്രധാനമന്ത്രി ആദരിച്ചു. ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനായി ഇതോടെ മോദി മാറി. വിദേശ രാജ്യങ്ങളിൽനിന്നു പ്രധാനമന്ത്രി മോദിക്ക് ലഭിക്കുന്ന 21 ാമത്തെ അന്താരാഷ്ട്ര ബഹുമതി കൂടിയാണിത്.