കൊച്ചി: കൊച്ചി മെട്രോ റെയിലിന്റെ ഉദ്ഘാടനം ഈ മാസം 17ന് രാവിലെ 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. ഉദ്ഘാടനത്തിനു മുന്നോടിയായി പ്രധാനമന്ത്രി മെട്രോയിൽ യാത്ര ചെയ്യും. പാലാരിവട്ടം മുതൽ പത്തടിപ്പാലം വരെയും അവിടെനിന്നു തിരിച്ചുമാകും പ്രധാനമന്ത്രി യാത്ര ചെയ്യുക. ഇതിനുശേഷമാകും ഉദ്ഘാടന ചടങ്ങുകളെന്നു പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് അറിയിപ്പ് ലഭിച്ചു.
വെല്ലിംഗ്ടണ്‍ ഐലൻഡിലെ നാവിക വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിൽ പ്രധാനമന്ത്രി വന്നിറങ്ങും. തുടർന്നാണു കലൂരിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ മെട്രോയുടെ ഉദ്ഘാടന ചടങ്ങ് നടക്കുക. പ്രത്യേക ക്ഷണിതാക്കളായ 3500 പേരാണ് ഉദ്ഘാടനയോഗത്തിൽ പങ്കെടുക്കുന്നത്.
കനത്ത സുരക്ഷയിലാണ് ഉദ്ഘാടനവേദിയുടെയും പന്തലിന്റെയും നിർമാണം. തൊഴിലാളികളുടെ പേരുവിവരങ്ങൾ നേരത്തേതന്നെ പോലീസിനു കൈമാറും. വേദി നിർമാണത്തിനു മുന്നോടിയായി സിസിടിവി സ്ഥാപിക്കുകയും അവിടം സന്ദർശിക്കുന്നവരുടെയും തൊഴിലാളികളുടെയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്യും.