അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹിരാബ മോദിക്കു ശനിയാഴ്ച നൂറാം പിറന്നാൾ. വഡോദരയിൽ പൊതുയോഗം ഉൾപ്പെടെ നിശ്ചയിച്ചിട്ടുള്ളതിനാൽ അമ്മയ്ക്കു പിറന്നാളാശംസകളുമായി പ്രധാനമന്ത്രി വീട്ടിലെത്തുമെന്ന പ്രതീക്ഷയിലാണു കുടുംബാംഗങ്ങൾ.
ഹിരാബ മോദിയുടെ ആയുരാരോഗ്യങ്ങൾക്കായി ജന്മഗ്രാമായ വഡനഗറിൽ പ്രത്യേകചടങ്ങുകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഹത്കേശ്വറിലെ മഹാദേവക്ഷേത്രത്തിൽ ഭജന, ശിവാർച്ചന തുടങ്ങിയവയ്ക്കൊപ്പം അഹമ്മദാബാദിലെ ജഗന്നാഥ് ക്ഷേത്രത്തിൽ സമൂഹസദ്യയും ഉണ്ടാകും.
1923 ജൂൺ പതിനെട്ടിനു ജനിച്ച അമ്മയുടെ നൂറാം പിറന്നാൾ ശനിയാഴ്ച ആഘോഷിക്കുമെന്നു പ്രധാനമന്ത്രിയുടെ ഇളയ സഹോദരൻ പങ്കജ് മോദി പറഞ്ഞു.
ഏകദിന സന്ദർശനത്തിനായി ശനിയാഴ്ച ഗുജറാത്തിലെത്തുന്ന മോദി വഡോദരയിലെ പാവഗഡ് ക്ഷേത്രം സന്ദർശിക്കും. തുടർന്നു നഗരത്തിൽ ഒരു റാലിയിലും പങ്കെടുക്കും.
ഗാന്ധിനഗറിലെത്തി അമ്മയെകണ്ടു പിറന്നാൾ മധുരം കൈമാറാനും പ്രധാനമന്ത്രി സമയം നീക്കിവച്ചേക്കും. കഴിഞ്ഞ മാർച്ചിൽ മോദി അമ്മയെ സന്ദർശിച്ചിരുന്നു.