നിയാസ് മുസ്തഫ
സമാജ് വാദി പാർട്ടി സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ മുലായം സിംഗിന്റെ ‘നരേന്ദ്രമോദി പ്രേമം’ ഉത്തർപ്രദേശിൽ ബിജെപിക്ക് വീണുകിട്ടിയ അവസരമായി. മുലായത്തിന്റെ മകനും സമാജ് വാദി പാർട്ടിയുടെ ഇപ്പോഴത്തെ മുന്നണി പോരാളിയുമായ അഖിലേഷ് യാദവ് ബിജെപിക്കെതിരേ യുപിയിൽ ശക്തമായ കരുക്കൾ നീക്കുന്പോഴാണ് മുലായത്തിന്റെ ‘നരേന്ദ്രമോദി പ്രേമം’ പുറത്തുവന്നിരിക്കുന്നത്.
എല്ലാവരെയും ഒപ്പം കൊണ്ടുപോകാൻ ശ്രമിച്ചതിനു പ്രധാനമന്ത്രിയെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇപ്പോഴുള്ള എല്ലാ എംപിമാരും വീണ്ടും വിജയിച്ചു ലോക്സഭയിൽ തിരിച്ചുവരണമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നരേന്ദ്രമോദി തന്നെ വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രി ആകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു- 16-ാം ലോക്സഭയുടെ അവസാന സമ്മേളന ദിവസമായ ഇന്നലെ ലോക്സഭയിൽ നടന്ന ആശംസാ പ്രസംഗത്തിൽ മുലായം പറഞ്ഞ വാക്കുകളാണിത്.
പ്രിയങ്കയുടെ വരവും എസ്പി-ബിഎസ്പി സഖ്യവുമൊക്കെ യായി ഉത്തർപ്രദേശിൽ പ്രതിസന്ധി നേരിടുന്ന ബിജെപിക്ക് മുലായത്തിന്റെ വാക്കുകൾ പുതിയ ഉണർവ് നൽകിയിട്ടുണ്ട്. മുലായത്തെ അനുകൂലിച്ച് ബിജെപി യുപിയിൽ വ്യാപകമായി പോസ്റ്ററുകൾ പതിച്ച് വിഷയം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചു തുടങ്ങി.
മുലായത്തിന്റെ ‘മോദി പ്രേമ’ത്തിൽ പ്രതിപക്ഷ കക്ഷികൾ അസ്വസ്ഥരാണ്. ബിജെപിക്കെതിരേ പ്രതിപക്ഷ ഐക്യനിര കെട്ടിപ്പൊക്കുന്ന സന്ദർഭത്തിൽ പ്രധാന പ്രതിപക്ഷ പാർട്ടിയായ സമാജ് വാദി പാർട്ടിയുടെ സ്ഥാപകൻ തന്നെ മോദിയെ പുകഴ്ത്തിയത് ശരിയല്ലെന്നാണ് പ്രതിപക്ഷ കക്ഷികളുടെ പക്ഷം.
അഖിലേഷ് യാദവിന്റെ ബിജെപി വിരുദ്ധ നീക്കത്തിനും ഇത് തിരിച്ചടിയായേക്കും. മുലായം സിംഗിനോട് ആദരവുണ്ടെങ്കിലും മോദിയെ അനുകൂലിച്ചു പറഞ്ഞതിനോട് യോജിപ്പില്ലായെന്നാണ് രാഹുൽ ഗാന്ധി വ്യക്തമാക്കിയത്. പൊതുവായി എല്ലാ എംപിമാർക്കും ആശംസ നൽകിയ കൂട്ടത്തിൽ മുലായം പറഞ്ഞതിന് രാഷ്ട്രീയ പ്രാധാന്യമില്ലെന്ന് സമാജ്വാദി നേതാക്കൾ വിശദീകരിക്കുന്നുണ്ടെങ്കിലും അതാരും അത്ര കാര്യമായെടുത്തിട്ടില്ല.
മോദിയോടുള്ള ആരാധനയാണ് മുലായം പ്രകടമാക്കിയതെന്നാണ് ബിജെപിയുടെ അവകാശവാദം. മുലായത്തിന് നന്ദി പറഞ്ഞ് മോദിയും രംഗത്തുവന്നിരുന്നു. മുലായം സിംഗും അഖിലേഷ് യാദവും തമ്മിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ അത്ര സ്വരചേർച്ചയിലല്ല. മകനോടുള്ള ദേഷ്യം കൊണ്ടാവാം മുലായം ഇങ്ങനെ പറഞ്ഞതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ഫലത്തിൽ മുലായത്തിന്റെ വാക്ക് അഖിലേഷിനുള്ള തിരിച്ചടിയായി ഭവിച്ചു. മുലായത്തിന്റെ വാക്കുകൾ ബിഎസ്പി നേതാവ് മായാവതിയേയും ചൊടിപ്പിച്ചിട്ടുണ്ട്. എന്നാൽ മുലായത്തിന്റെ മോദി പ്രേമം എസ്പി-ബിഎസ്പി സഖ്യത്തിന് പ്രശ്നമാകുമെങ്കിലും കോൺഗ്രസിന് നേട്ടമാകുമെന്നു വിലയിരുത്തുന്നു. എസ്പിക്ക് പോകേണ്ട ബിജെപി വിരുദ്ധ വോട്ടുകൾ കോൺഗ്രസിന് നേടിയെടുക്കാനാവും.
അതേസമയം, ഒബിസി വിഭാഗത്തിലെ പ്രധാന പാർട്ടിയായ മഹാൻദൾ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് മുന്നോട്ടു വന്നു. എസ്പി-ബിഎസ്പി വോട്ടുബാങ്കാണ് ഒബിസി വിഭാഗത്തിന്റേത്. മഹാൻദളിന്റെ കടന്നുവരവ് ഒബിസി വോട്ടുകളിൽ വിള്ളൽ വീഴ്ത്തുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നു. ഇവർക്ക് രണ്ടു സീറ്റ് കോൺഗ്രസ് നൽകിയേക്കും.
മഹാൻദളിന്റെ കേശവ് ദേവ് മൗര്യ യുപിയിൽ അറിയപ്പെടുന്ന നേതാവാണ്. ബിജെപിയോട് ആഭിമുഖ്യമുള്ള ബ്രാഹ്മണവോട്ടുകളിൽ വിള്ളൽ വീഴ്ത്തുന്നതോടൊപ്പം എസ്പി-ബിഎസ്പി വോട്ടുകളിലും വിള്ളൽ വീഴ്ത്താനാണ് പ്രിയങ്കയുടെ ശ്രമം. മൗര്യ, കുശ്വാഹ വിഭാഗങ്ങൾക്കിടയിൽ മഹാൻദളിന് നല്ല സ്വാധീനമുണ്ട്.
മുന്നോക്ക, പിന്നോക്ക വോട്ടുകൾ ഏകീകരിക്കുകയാണ് ഇതിലൂടെ കോൺഗ്രസ് ലക്ഷ്യം വയ്ക്കുന്നത്. ചെറിയ പാർട്ടികളുമായി കൂടുതൽ അടുക്കാനും പ്രിയങ്ക ശ്രമിക്കുന്നുണ്ട്. 80 സീറ്റിലും ബിജെപിക്കും എസ്പി-ബിഎസ്പി സഖ്യത്തിനും ശക്തമായ ഭീഷണി ഉയർത്തി ത്രികോണ മത്സരത്തിന്റെ ചൂട് നിലനിർത്താനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. ഇതുവഴി 2009ൽ വിജയിച്ച 21 സീറ്റിലെങ്കിലും വിജയക്കൊടി പാറിക്കാൻ കഴിയുമെന്ന വിശ്വാസമാണ് കോൺഗ്രസിനുള്ളത്.