ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർട്ടി അധ്യക്ഷൻ അമിത് ഷായും ബിജെപിയുടെ മുതിർന്ന നേതാവ് മുരളി മനോഹർ ജോഷിയുമായി കൂടിക്കാഴ്ച നടത്തി.
മുതിർന്ന നേതാക്കളുടെ അനുഗ്രഹം തേടിയാണ് ഇരുവരും എത്തിയതെന്നും തെരഞ്ഞെടുപ്പിൽ മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തിൽ പാർട്ടി നേടിയത് മാന്ത്രിക വിജയമാണെന്നു നേതാക്കൾ അഭിപ്രായപ്പെട്ടതായും വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
എൽ.കെ. അഡ്വാനിയെയും മുരളി മനോഹർ ജോഷിയെയും സന്ദർശിച്ചത് പ്രധാനമന്ത്രി മോദി ഫോട്ടോ സഹിതം രാവിലെ തന്നെ ട്വീറ്റ് ചെയ്തിരുന്നു. അഡ്വാനി മത്സരിച്ചിരുന്ന ഗുജറാത്തിലെ ഗാന്ധി നഗറിൽ അമിത് ഷായും മുരളി മനോഹർ ജോഷി മത്സരിച്ചിരുന്ന ഉത്തർപ്രദേശിലെ വാരാണസി നരേന്ദ്ര മോദിയും ഇത്തവണ ഏറ്റെടുത്തത് മുതിർന്ന നേതാക്കളുടെ വിയോജിപ്പിനു ഇടയാക്കിയിരുന്നതായി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു.