പ്രധാനമന്ത്രി നരേന്ദ്ര മോദി പെരും നുണയനാണെന്ന് എംഎന്‍എസ് (മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന) അധ്യക്ഷന്‍ രാജ് താക്കറെ. മുംബൈയില്‍ സെപ്റ്റംബര്‍ മാസം അവസാന ദിവസം നടന്ന ട്രെയിന്‍ അപകടത്തെക്കുറിച്ച് സംസാരിക്കവേയാണ് രാജ് താക്കറെ മോദിയ്ക്കെതിരെ ആഞ്ഞടിച്ചത്. മുംബൈയിലെ സബര്‍ബന്‍ ട്രെയിനുകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നടപ്പിലാക്കാന്‍ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിലെ സബര്‍ബന്‍ ട്രെയിനുകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി ഒരു ഇഷ്ടിക സ്ഥാപിക്കാന്‍ പോലും അനുവദിക്കില്ലെന്ന് രാജ് താക്കറെ തുറന്നടിച്ചു. തങ്ങളെ ചെറുക്കാന്‍ സേനയെ ഇറക്കാന്‍ നീക്കമുണ്ടായാല്‍ അതിനെ വളരെ ധീരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
മോദിയെ തുറന്ന് വിമര്‍ശിച്ച താക്കറെ 2014ന് ശേഷം വാഗ്ദാനം ചെയ്ത ഒരു വാക്ക് പോലും പാലിക്കാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചിട്ടില്ലെന്നും കുറ്റപ്പെടുത്തി. ഇതുപോലെ കള്ളം പറയുന്ന ഒരു പ്രധാനമന്ത്രിയെ താന്‍ ഇത് വരെ കണ്ടിട്ടില്ലെന്നും, ഒരാള്‍ക്ക് എങ്ങനെ ഇത്രയും കള്ളം പറയാന്‍ സാധിക്കുമെന്നും താക്കറെ ചോദിച്ചു. പിയൂഷ് ഗോയലിന് ശേഷം റെയില്‍വെ മന്ത്രിയായ സുരേഷ് പ്രഭു ഉപയോഗശൂന്യനാണെന്നും, മുന്‍ മന്ത്രി ഗോയല്‍ തന്നെയാണ് മെച്ചമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് സല്പേര് കിട്ടാന്‍ വേണ്ടി മാത്രമാണ് പുതിയ മന്ത്രിയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു. വരുന്ന ഒക്ടോബര്‍ 5ന് മുംബൈ, ചര്‍ച്ച് ഗേറ്റിലേക്ക് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ എംഎന്‍എസ് പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്നും താക്കറെ ആഹ്വാനം ചെയ്തു.