സെമിഫൈനലെന്ന് വിശേഷിക്കപ്പെട്ട, അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കുന്നു. ഇനി ഏതാനും മാസങ്ങള്‍ക്കപ്പുറം ഫൈനല്‍ അഥവാ ലോക്സഭാ തെരഞ്ഞെടുപ്പ് എത്തും. സെമിഫൈനല്‍ തോറ്റവര്‍ക്കും ജയിച്ചവര്‍ക്കും കഴിവ് തെളിയിക്കാനുള്ള അവസരം.
സെമിഫൈനലില്‍ തോറ്റ് നില്ക്കുന്ന അവസരത്തില്‍ കരുത്ത് തെളിയിച്ച് തിരിച്ചെത്താന്‍ എന്ത് വഴിയും സ്വീകരിക്കാന്‍ തയാറെടുത്തിരിക്കുകയാണ് മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി. എന്നാല്‍ ഈ സാഹചര്യം മുതലെടുത്ത് പല തട്ടിപ്പുകളും ഇന്റര്‍നെറ്റ് ലോകത്ത് അരങ്ങ് തകര്ക്കുന്നുണ്ടെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
2019 പിടിക്കാന്‍ 2014 ലേതുപോലെ തന്നെ നവമാധ്യമങ്ങളെയാണ് ഇരു പാര്‍ട്ടികളും, പ്രത്യേകിച്ച്, ബിജെപി കൂട്ടുപിടിച്ചിരിക്കുന്നത്. എന്നാല്‍ അതില്‍ പലതും വ്യാജമാണെന്നും വലിയ തട്ടിപ്പുകള്‍ ഒളിഞ്ഞിരിക്കുന്നതുമാണെന്ന വെളിപ്പെടുത്തലുകളും റിപ്പോര്‍ട്ടുകളുമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
നേഷന്‍ വിത്ത് നമോ (Nation With Namo) എന്ന വെബ്സൈറ്റാണ് അതിലൊന്ന്. 13,76,365 വൊളണ്ടിയേഴ്സ് ഈ വെബ്സൈറ്റിനു പിറകില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഹോംപേജില്‍ പറയുന്നു. വൈബ്സൈറ്റ് തുറക്കുമ്പോള്‍ കാണുന്ന ആദ്യപേജില്‍ തന്നെ നിങ്ങളുടെ ഫോണ്‍ നമ്പറാണ് ആവശ്യപ്പെടുന്നത്. നിങ്ങള്‍ പുതിയ വോട്ടറാണോ അല്ലയോ എന്നതാണ് അടുത്ത ചോദ്യം. ഇക്കാര്യങ്ങള്‍ക്ക് ഉത്തരം നല്കിയ ശേഷം 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോദിയെ പിന്തുണക്കും എന്ന് പ്രതിജ്ഞയെടുക്കണം.
പ്രതിജ്ഞക്കു മുകളിലായി ഒരു ഫോണ്‍ നമ്പര്‍ നല്‍കിയിട്ടുണ്ട്. ഈ നമ്പറിലേക്ക് വിളിക്കുമ്പോള്‍ അത് ഡിസ്കണക്ട് ആകുകയും ഉടന്‍ തന്നെ നിങ്ങളുടെ ഫോണിലേക്ക് അഹമ്മദാബാദില്‍ നിന്നുള്ള ഒരു നമ്പറില്‍ നിന്ന് വിളിയെത്തുകയും ചെയ്യും. ഫോണ്‍ എടുക്കുമ്പോള്‍ കേള്‍ക്കുന്നത് മോദിയുടെ ശബ്ദം: ‘പ്രിയപ്പെട്ട ജനങ്ങളേ, പുതിയ ഇന്ത്യയെ നിര്‍മിക്കുന്നതിനുള്ള പരിശ്രമത്തിലാണു നമ്മള്”. അതിനുശേഷം ഈ വൊളണ്ടിയര്‍ നെറ്റ്വര്‍ക്കിലേക്ക് നമ്മെ സ്വാഗതം ചെയ്യും.
കോള്‍ കട്ട് ചെയ്തു കഴിയുമ്പോള്‍ ഫോണിലേക്ക് ഒരു സന്ദേശമെത്തും. സുഹൃത്തുക്കളെക്കൂടി ഈ ക്യാംപെയിന്റെ ഭാഗമാക്കിയാല്‍ ഒരു ഒദ്യോഗിക നരേന്ദ്രമോദി ടീ ഷര്‍ട്ട് സൗജന്യമായി ലഭിക്കും എന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം.
വികസനപ്രവര്‍ത്തനങ്ങളില്‍ നരേന്ദ്രമോദിയെ പിന്തുണക്കാന്‍ വിദ്യാഭ്യാസമുള്ള പുതിയ തലമുറയുടെ കൂട്ടായ്മ എന്നാണ് വെബ്സൈറ്റിനെക്കുറിച്ച് കൊടുത്തിരിക്കുന്ന വിവരണം. നിങ്ങള്‍ നല്കുന്ന ഓരോ വിവരങ്ങള്‍ക്കുമുള്ള ഉത്തരവാദിത്തം നല്കുന്നയാള്ക്കു മാത്രമാണെന്നും ഇവിടെ പറയുന്നുണ്ട്.
അതായത് ഒരാള്‍ ഇവിടെ നല്കുന്ന ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി, സഹപ്രവര്‍ത്തകരെ കുറിച്ചുള്ള വിവരങ്ങള്‍, മറ്റു സ്വകാര്യ വിവരങ്ങള്‍ എന്നിവ മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്യപ്പെടില്ല എന്നതിന് യാതൊരു ഉറപ്പുമില്ല. കഴിഞ്ഞ തവണയും ബിജെപിയുടെ സോഷ്യല്‍മീഡിയ പ്രചരണങ്ങള്‍ ഏറെ വിവാദമായിരുന്നു. അതുകൊണ്ട് തന്നെ രാഷ്ട്രീയ പാര്‍ട്ടികളുടെ സോഷ്യല്‍മീഡിയ പ്രചരണങ്ങളില്‍ ശ്രദ്ധയുണ്ടാവണമെന്നാണ സൈബര്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.