ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ രണ്ടാമൂഴത്തിൽ അവതരിപ്പിക്കുന്നത് 100 ദിന പദ്ധതിക്ക് പകരം 1000 ദിനകർമ പദ്ധതിയാണെന്ന് റിപ്പോർട്ട്. 2022 പകുതിയോടെ കർമ പദ്ധതി പൂർത്തിയാക്കാനാണ് മോദിയുടെ ലക്ഷ്യം.
2022ൽ ഇന്ത്യയുടെ 75-ാം സ്വാന്ത്ര്യദിനത്തിൽ പുതിയ ഇന്ത്യ എന്ന മോദിയുടെ ആശയം സഫലമാക്കുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 1000 ദിന കർമപദ്ധതികൾ ആവിഷ്കരിക്കാൻ ഉദ്യോഗസ്ഥരോട് മോദി നിർദേശം നൽകിയതായി പദ്ധതിയുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥൻ ദേശിയ മാധ്യമത്തോട് വെളിപ്പെടുത്തി.
പുതിയ കേന്ദ്രമന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ വരുന്നതുവരെ കാത്തിരിക്കേണ്ടെന്നാണ് ഉദ്യോഗസ്ഥർ നൽകിയിരിക്കുന്ന നിർദേശം. പുതിയ മന്ത്രിമാർ സ്ഥാനമേൽക്കുന്പോഴേക്കും പദ്ധതി സംബന്ധിച്ച കർമരേഖ അവർക്ക് നൽകണം. സാമൂഹ്യ സുരക്ഷ പരിപാടിയായ അന്ത്യോദയ തുടരും. കർഷകരുടെ വരുമാനം ഇരട്ടിയാക്കുക, സൗരോർജത്തിൽ നിന്ന് 40,000 മെഗവാട്ട് വൈദ്യൂതി, സ്ത്രീ ശാക്തീകരണം, ബഹിരാകാശ ദൗത്യം തുടങ്ങിയ കാര്യങ്ങളാണ് മിഷൻ ന്യൂ ഇന്ത്യയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്തെ പദ്ധതികളായ ഡിജിറ്റൽ ഇന്ത്യ, ഇ-ഗവേണൻസ്, സയൻസ് ആൻഡ് ടെക്നോളജി, ഹെൽത്കെയർ തുടരും.
പുതിയ മന്ത്രിസ ഭ ഉണ്ടാക്കുന്നതിന്റെ ഭാഗമായി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നിലവിലുള്ള മന്ത്രിസഭ രാജിവച്ചിരുന്നു. പുതിയ സർക്കാർ 30ന് സത്യപ്രതിജ്ഞ ചെയ്തേക്കും. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ചർച്ചകൾ തുടങ്ങിയതായാണു സൂചന. ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പുതിയ സർക്കാരിലുണ്ടാവില്ലെന്നും ബിജെപി അധ്യക്ഷൻ അമിത് ഷാ പുതിയ സർക്കാരിൽ സുപ്രധാന വകുപ്പിന്റെ ചുമതലയേൽക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ആഭ്യന്തരം, പ്രതിരോധം, ധനം, വിദേശകാര്യം എന്നീ സുപ്രധാന വകുപ്പുകൾ ബിജെപി തന്നെ കൈകാര്യം ചെയ്യാനാണു സാധ്യത. ആരോഗ്യസ്ഥിതി മോശമായതിനാലാണ് അരുണ്‍ ജയ്റ്റ്ലി ഒഴിവാകുന്നത്. പകരം പിയൂഷ് ഗോയൽ ധനമന്ത്രിയായേക്കും. മന്ത്രിസഭയിലേക്ക് അമിത് ഷാ എത്തിയാൽ ധനം, ആഭ്യന്തരം, പ്രതിരോധം എന്നീ വകുപ്പുകളിൽ ഏതെങ്കിലും നൽകേണ്ടിവരും. ഷാ മന്ത്രിസഭയിലെത്തുന്നത് രണ്ടാമൻ എന്ന പദവിയോടെയാവും.
അങ്ങനെവന്നാൽ ഇപ്പോൾ രണ്ടാമനായ രാജ്നാഥ് സിംഗിനെ പ്രതിരോധ മന്ത്രിയാക്കിയേക്കും. പ്രതിരോധ മന്ത്രി നിർമല സീതാരാമനെ ബിജെപി അധ്യക്ഷയാക്കിയേക്കുമെന്നും സൂചനയുണ്ട്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്കും മാറ്റമുണ്ടാകാനിടയില്ല.
എന്നാൽ, സുഷമയുടെ ആരോഗ്യസ്ഥിതി അത്ര മെച്ചമല്ലെന്നു കണ്ടാൽ നിർമല വിദേശകാര്യമന്ത്രിയാകാനിടയുണ്ട്. രവിശങ്കർ പ്രസാദിനു വകുപ്പു മാറ്റമുണ്ടായേക്കും. നിയമ മന്ത്രിയെന്ന നിലയിൽ പ്രസാദിന്റെ പ്രവർത്തനം ശരിയായില്ലെന്നു വിമർശനമുണ്ടായിരുന്നു. സ്മൃതി ഇറാനിക്ക് പ്രധാന വകുപ്പ് കിട്ടിയേക്കും.
കേരളത്തിൽനിന്ന് വി. മുരളീധരൻ, അൽഫോൻസ് കണ്ണന്താനം, കുമ്മനം രാജശേഖരൻ എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ട്. മോദിയും സഖ്യകക്ഷികളിൽ നിന്നുള്ള പ്രധാനപ്പെട്ടവരും സുപ്രധാന വകുപ്പുകളിൽ എത്തുന്നവരും മാത്രമാകും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക.