മുംബൈ: നാലു വർഷത്തിനിടെ മോദി സർക്കാർ പരസ്യത്തിനായി ചെലവഴിച്ചത് 4343 കോടി രൂപ. മുംബൈ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വിവരാവാശ പ്രവർത്തകൻ അനിൽ ഗൽഗലിയുടെ വിവരാവകാശ ചോദ്യത്തിനുള്ള മറുപടിയിൽ ബ്യൂറോ ഓഫ് ഒൗട്ട്റീച്ച് ആൻഡ് കമ്മ്യൂണിക്കേഷനാണ് ഈ വിവരം അറിയിച്ചത്. മാധ്യമങ്ങളിലൂടെയും മറ്റും ചെയ്ത പര്യസത്തിന്റെ കണക്കാണിത്.
പത്ര-ഇലക്ട്രോണിക് മാധ്യമങ്ങളിലാണ് മോദി സർക്കാർ പരസ്യത്തിനായി തുക ചെലവഴിച്ചിട്ടുള്ളത്. 2014 ജൂണ്‍ മുതൽ 2015 മാർച്ച് വരെ പ്രചാരണങ്ങൾക്കായി ആകെ 953.54 കോടി ചെലവഴിച്ചു. ഇതിൽ 424.85 കോടി രൂപ പ്രിന്റ് മീഡിയ, 448.97 കോടി രൂപ ഇലക്ട്രോണിക് മീഡിയ, 79.72 കോടി രൂപ ഒൗട്ട്ഡോർ പബ്ലിസിറ്റി എന്നിങ്ങനെയാണ് ചെലവഴിച്ചത്.
തൊട്ടടുത്ത സാന്പത്തിക വർഷത്തിൽ പ്രിന്റ് മീഡിയയ്ക്ക് 510.69 കോടി, ഇലക്ട്രോണിക് മീഡിയയ്ക്ക് 541.99 കോടി, ഒൗട്ട്ഡോർ പബ്ലിസിറ്റിക്ക് 118.43 കോടി എന്നിങ്ങനെ പരസ്യത്തുക ഉയർന്നു. 2016-17 സാന്പത്തിക വർഷത്തിൽ 1,263.15 കോടി രൂപയാണു പസര്യത്തിനായി സർക്കാർ നീക്കിവച്ചത്. ഇതിനു തൊട്ടടുത്ത വർഷം പരസ്യത്തുക 622 കോടിയായി കുറഞ്ഞു. നോട്ട്നിരോധനത്തിന്റെ പരിണിത ഫലങ്ങൾ വിപണിയിൽ പ്രകടമായത് ഈ സാന്പത്തിക വർഷത്തിലായിരുന്നു എന്നതു ശ്രദ്ധേയമാണ്.
2014 ജൂണ്‍ 1 മുതൽ ഈ വർഷം മാർച്ച് 31 വരെ ഇലക്ട്രോണിക് മാധ്യമങ്ങളിൽ മാത്രം പരസ്യം നൽകുന്നതിനായി മോദി സർക്കാർ 2079.87 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും ബ്യൂറോ ഓഫ് ഒൗട്ട്റീച്ച് ആൻഡ് കമ്മ്യൂണിക്കേഷൻ വിവരാവകാശ ചോദ്യത്തിനുള്ള മറുപടിയിൽ പറയുന്നു.