ന്യൂഡൽഹി: രാജ്യത്ത് ഓക്സിജൻ, വാക്സിൻ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ ചൈനയിൽനിന്നുള്ള സഹായം സ്വീകരിക്കുന്നതിൽ ഇന്ത്യ നയം മാറ്റി.
ചൈന വാഗ്ദാനം ചെയ്ത ഓക്സിജൻ കോണ്സെൻട്രേറ്ററുകളും മരുന്നുകളും സ്വീകരിക്കാൻ തീരുമാനമായി.
ചൈനയുടെ സഹായം വേണ്ടെന്ന പൊതുനയം തത്കാലം മാറ്റിവയ്ക്കുകയാണ് കേന്ദ്ര സർക്കാർ. അതിർത്തിയിലെ തർക്കങ്ങൾ പരിഹരിക്കപ്പെടാതെ തുടരുന്പോഴാണ് ഇത്.
ചൈന നേരത്തേതന്നെ ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ ഇന്ത്യ തയാറായിരുന്നില്ല.
കഴിഞ്ഞദിവസം ചൈനീസ് അംബാസഡർ നൽകിയ സൂചന അനുസരിച്ച് 25,000 ഓക്സിജൻ കോണ്സെട്രേറ്ററുകൾ ചൈന ഇന്ത്യയ്ക്കു നൽകും.
പ്രത്യേക വിമാനങ്ങളിൽ ഇത് ഇന്ത്യയിൽ എത്തിക്കും. ചൈന ഇതിനുള്ള നടപടികൾ തുടങ്ങിയതായാണ് റിപ്പോർട്ട്.
കോവിഡ് പിടിവിട്ട് കുതിച്ച സാഹചര്യത്തിൽ ഓക്സിജൻ ക്ഷാമം നേരിട്ടപ്പോൾ പ്രധാനമന്ത്രി നേരിട്ട് വിദേശ രാഷ്ട്രത്തലവന്മാരുമായി സംസാരിച്ചിരുന്നു.
അമേരിക്കൻ പ്രസിഡന്റുമായും റഷ്യൻ പ്രധാനമന്ത്രിയുമായും ആശയവിനിമയം നടത്തി.
റഷ്യൻ സഹായവും ഇന്ത്യയിലേക്ക് എത്തുകയാണ്. ഓക്സിജൻ കോണ്സെട്രേറ്ററുകളും വെന്റിലേറ്ററുകളും രണ്ടുലക്ഷം പാക്കറ്റ് മരുന്നുകളും അടങ്ങുന്നതാണ് റഷ്യയുടെ സഹായം.
മറ്റു രാജ്യങ്ങളും ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.