ന്യൂഡൽഹി: കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയ വെന്റിലേറ്ററുകൾ സംബന്ധിച്ച് അടിയന്തരമായി സ്ഥിതിവിവര റിപ്പോർട്ട് നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കേന്ദ്രം നൽകിയ വെന്റിലേറ്ററുകൾ സ്ഥാപിച്ചിരുന്നോ നിലവിൽ അവയുടെ പ്രവർത്തനം എന്നിവ സംബന്ധിച്ച് റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
ചില സംസ്ഥാനങ്ങൾ കേന്ദ്രം നൽകിയ വെന്റിലേറ്ററുകൾ ആശുപത്രികളിൽ സ്ഥാപിച്ചില്ലെന്ന മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇടപെടൽ ഉണ്ടായിരിക്കുന്നത്.
പിഎം-കെയേഴ്സ് ഫണ്ട് ഉപയോഗിച്ച് വാങ്ങി കേന്ദ്രം നൽകിയ വെന്റിലേറ്ററുകൾ പഞ്ചാബിലെ ഫരീദ്കോട്ടിലെ സർക്കാർ ആശുപത്രിയിൽ സാങ്കേതിക തകരാറുകൾ കാരണം ഉപയോഗിക്കാതെ കിടക്കുന്നുവെന്ന റിപ്പോർട്ടുകൾ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
ഇതിനു പിന്നാലെയാണ് മോദി റിപ്പോർട്ട് തേടിയിരിക്കുന്നത്.