എംപിമാരുടെ യോഗങ്ങളില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് പ്രധാനമന്ത്രി ഇഷ്ടപ്പെടുന്നില്ലെന്നു മഹാരാഷ്ട്രയില്‍നിന്നുള്ള ബിജെപി എംപി നാനാ പടോലെ. പ്രധാനമന്ത്രി ചോദ്യങ്ങളെ ഭയപ്പെടുന്നു. പ്രധാനമന്ത്രി വിളിച്ചു ചേര്‍ക്കുന്ന എംപിമാരുടെ യോഗത്തില്‍ ആരെയും സംസാരിക്കാന്‍ അദ്ദേഹം അനുവദിക്കില്ല. യോഗത്തില്‍ ഒബിസി മന്ത്രാലയവും കര്‍ഷക ആത്മഹത്യയും സംബന്ധിച്ച വിഷയങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രധാനമന്ത്രി ദേഷ്യപ്പെട്ടുവെന്നും പടോലെ പറഞ്ഞു.
മോദിയോട് ചോദ്യം ചോദിക്കുമ്പോള്‍ നിങ്ങള്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രിക വായിച്ചിട്ടില്ലേ, വിവിധ സര്‍ക്കാര്‍ പദ്ധതിയെക്കുറിച്ച് അറിയില്ലേയെന്ന് അദ്ദേഹം ചോദിക്കുകയാണ് ചെയ്യുകയെന്നും പടോലെ പറഞ്ഞു. കാര്‍ഷിക മേഖലയിലെ കേന്ദ്ര നിക്ഷേപം, നികുതികള്‍ തുടങ്ങിയ വിഷയങ്ങളില്‍ താന്‍ ചില നിര്‍ദേശങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ മോദി ദേഷ്യപ്പെടുകയും തന്നോട് സംസാരിക്കാതിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. മോദി പതിവായി പാര്‍ട്ടി എംപിമാരുടെ യോഗം വിളിക്കുന്നു. എന്നാല്‍ ആരെയും സംസാരിക്കാന്‍ അനുവദിക്കില്ലെന്നും പടോലെ കുറ്റപ്പെടുത്തി.