ന്യൂഡൽഹി: കേരളം, തമിഴ്നാട്, ലക്ഷദ്വീപ് തീരങ്ങളിൽ വീശിയടിച്ച ഓഖി ചുഴലിക്കാറ്റ് ഗുജറാത്തിലെത്തും മുന്പേ രക്ഷാപ്രവർത്തനത്തിനു സന്നദ്ധരായിരിക്കണമെന്നു ബിജെപി പ്രവർത്തകരോടു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. കേരളം, തമിഴ്നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ഒാഖി കനത്ത നാശം വിതച്ചിട്ടും ഒരു വരിപോലും ട്വീറ്റ് ചെയ്യാതിരുന്ന മോദിയാണ് ചുഴലിക്കാറ്റ് ഗുജറാത്തിലേക്ക് എത്തുന്നതിനുമുന്പേ രക്ഷാ പ്രവർത്തനത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാൽ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് റാലിയുമായി ബന്ധപ്പെട്ട ഫോട്ടോകളും വീഡിയോകളും ഈ ദിവസങ്ങളിൽ ട്വീറ്റ് ചെയ്തിട്ടുമുണ്ട്.
കേരളത്തിനെ ഇന്ത്യൻ പ്രധാനമന്ത്രി ഇപ്പോഴും സൊമാലിയ ആയാണോ കാണുന്നതെന്നാണ് സോഷ്യൽ മീഡിയയിലെ ചോദ്യം. രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയാണ് പ്രധാനമന്ത്രിയുടെ ഇപ്പോഴത്തെ ട്വീറ്റെന്നാണ് രാഷ്്ട്രീയ എതിരാളികളുടെ ആരോപണം. ഓഖി ചുഴലിക്കൊടുങ്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റാലികൾ റദ്ദ് ചെയ്തുവെന്ന് നേരത്തെ പറഞ്ഞുവെങ്കിലും കാറ്റിന്റെ തീവ്രത കുറഞ്ഞതിനാൽ മൂന്ന് റാലികളിൽ പങ്കെടുക്കുമെന്നും ട്വീറ്റ് ചെയ്തിട്ടുണ്ട്.
കോണ്ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ബുധനാഴ്ച നടത്താനിരുന്ന തെരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി.മോർവി, ധ്രംഗാധ്ര, സുരേന്ദ്ര നഗർ എന്നിവിടങ്ങളിൽ നടക്കേണ്ട പരിപാടികളാണ് രാഹുൽ ഗാന്ധി റദ്ദാക്കിയത്. തീരപ്രദേശത്തെ ജനങ്ങൾക്ക് സഹായമൊരുക്കാൻ കോണ്ഗ്രസ് പ്രവർത്തകരോട് രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തിരുന്നു.
അതേസമയം സൂറത്തിലും അഹമ്മദാബാദിലും ഇന്നലെ അർധരാത്രി മുതൽ കനത്ത മഴയാണ്. സൂറത്തിന്റെ തീരങ്ങളിലാണ് ഓഖി ആദ്യമെത്തിയത്. നാശനഷ്ടമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിലാണ് ഓഖിയുടെ സഞ്ചാരം. ബോടാഡ്, ആരവല്ലി, ഛോട്ടാ ഉദയ്പുർ, ദഹോദ്, മഹിസാഗർ, സബർകന്ത, നവശ്രീ, രാജ്കോട് എന്നീ തീരദേശ ജില്ലകളിൽ കനത്ത മഴ പെയ്യുന്നതായി ഗുജറാത്ത് റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പങ്കജ് കുമാർ പറഞ്ഞു. ദക്ഷിണ ഗുജറാത്തിലെ ധർമാപുരിൽ ഇന്നലെ 25 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. ഗുജറാത്ത് ചീഫ് സെക്രട്ടറി ജെ.എൻ. സിംഗിന്റെ അധ്യക്ഷതയിൽ തീരദേശ ജില്ലകളിലെ കളക്ടർമാരുമായി വീഡിയോ കോൺഫറൻസിംഗ് വഴി മുൻകരുതൽ നടപടികൾ വിലയിരുത്തി.
മൂന്നുദിവസത്തേക്ക് ആരും കടലിലിറങ്ങരുതെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മത്സ്യത്തൊഴിലാളികൾക്കു മുന്നറിയിപ്പു നല്കി. മഹാരാഷ്ട്രയുടെ തീരങ്ങളിലും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മുംബൈ തീരങ്ങളിൽ ഇന്നലെ രാത്രിയോടെ മഴ ശക്തിപ്രാപിച്ചു.