ഹിമാലയത്തില്‍ ഏറെക്കാലം താമസിച്ചതിനെക്കുറിച്ചും അതിരാവിലെ തണുത്തുറഞ്ഞ് വെള്ളത്തില്‍ കുളിച്ചിരുന്നതിനെക്കുറിച്ചുമെല്ലാമുള്ള വെളിപ്പെടുത്തലുകള്‍ക്ക് ഷേഷം ഇപ്പോഴിതാ ഹ്യൂമന്‍സ് ഓഫ് ബോംബെയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ദീര്ഘസംഭാഷണത്തിന്റെ ഏറ്റവും പുതിയ ഭാഗം പുറത്തു വന്നിരിക്കുന്നു. മറ്റുള്ളവര്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വെക്കണമെന്ന ഉറച്ച ബോധ്യങ്ങളോടെയാണ് താന്‍ ഹിമാലയത്തില്‍ നിന്നും തിരിച്ചുവന്നതെന്നും ജീവിതത്തിന്റെ ഈ ഘട്ടം വളരെ വ്യത്യസ്തമായിരുന്നെന്നുമാണ് പുതിയ ലക്കത്തില്‍ മോദി പറയുന്നത്.
ദീപാവലിയോടനുബന്ധിച്ച് അഞ്ച് ദിവസം ഞാന്‍ കാട്ടിലേക്ക് പോകുമായിരുന്നെന്നും അന്നത്തെ ഏകാന്തധ്യാനങ്ങളില്‍ നിന്നും ലഭിച്ച കരുത്താണ് ഇന്നും ജീവിതത്തെ നേരിടുന്നതിന് തന്നെ പ്രാപ്തനാക്കുന്നതെന്നും മോദി വിശദീകരിക്കുന്നു.
‘അഞ്ച് ദിവസത്തേക്കുള്ള ഭക്ഷണം കൈയിലെടുത്താണ് പോകുക. അവിടെ റേഡിയോയോ പത്രങ്ങളോ ഉണ്ടാകില്ല. അക്കാലത്ത് ഇന്റര്‍നെറ്റും ടിവിയും ഇല്ല. അന്നത്തെ ഏകാന്തധ്യാനങ്ങളില്‍ നിന്നും ലഭിച്ച കരുത്താണ് ഇന്നും ജീവിതത്തെ നേരിടുന്നതിന് എന്നെ പ്രാപ്തനാക്കുന്നത്. പലരും എന്നോട് ചോദിക്കും: ”നിങ്ങള്‍ ആരെക്കാണാനാണ് പോകുന്നത്?” ഞാന്‍ പറയും: ഞാന്‍ എന്നെ തേടാന്‍ പോവുകാണെന്ന.്
‘കുറച്ചുനാളുകള്‍ക്കു ശേഷം ഞാന്‍ അഹ്മദാബാദിലേക്ക് പോയി. ഒരു വലിയ നഗരത്തില്‍ ഞാനാദ്യമായിരുന്നു. ജീവിതത്തിന്റെ ഈ ഘട്ടം വളരെ വ്യത്യസ്തമായിരുന്നു. എന്റെ അമ്മാവന്റെ കാന്റീനില്‍ ഇടയ്ക്കെല്ലാം അദ്ദേഹത്തെ സഹായിച്ച് ഞാന്‍ കഴിഞ്ഞുകൂടി. ക്രമേണ ഞാന്‍ ഒരു മുഴുവന്‍സമയ ആര്.എസ്.എസ് പ്രചാരക് ആയി മാറി. അവിടെയെനിക്ക് ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവര്‍ക്കൊപ്പം ജീവിക്കാനും പ്രവര്‍ത്തിക്കാനും കഴിഞ്ഞെന്നും മോദി പറയുന്നു.
ആര്.എസ്.എസ് ഓഫീസ് വൃത്തിയാക്കല്‍, പാത്രങ്ങള്‍ കഴുകല്‍, ഭക്ഷണം പാകം ചെയ്യല്‍ തുടങ്ങിയ ജോലികളെല്ലാം ചെയ്ത് ജീവിച്ചു. തിരക്കേറിയതും കാര്‍ക്കശ്യമുള്ളതുമായ ജീവിതശൈലിയിലേക്കെത്തി. ഇതിനെല്ലാമിടയിലും ഹിമാലയത്തില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ പാഴാകാതിരിക്കാന്‍ ഞാന്‍ തീരുമാനമെടുത്തിരുന്നെന്നും മോദി പുതിയ ലക്കത്തില്‍ വിശദീകരിക്കുന്നു.
‘അവിടെ നിന്ന് ഞാന്‍ നേടിയ മാനസിക സ്വാസ്ഥ്യത്തെ ഇല്ലാതാക്കുന്നതാകരുത് യാതൊന്നുമെന്ന് തീരുമാനിച്ചു. എല്ലാ വര്‍ഷവും കുറച്ചുനേരം ഉള്ളിലേക്ക് നോക്കുവാന്‍ സമയം കണ്ടെത്തണമെന്ന് ഞാന്‍ തീരുമാനിച്ചു. ജീവിതത്തിന്റെ സംതുലനം സാധ്യമാക്കുന്നതിനുള്ള എന്റെ രീതിയായിരുന്നു അത്’ മോദി പറയുന്നു.
നേരത്തെ മോദി കൗമാരകാലത്ത് ഹിമാലയത്തിലേക്ക് നടത്തിയ യാത്രയെക്കുറിച്ചാണ് പറഞ്ഞിരുന്നത്. പുലര്‍ച്ചെ 3നും 3.45നും ഇടയില്‍ ബ്രാഹ്മ മുഹൂര്‍ത്തത്തിലായിരുന്നു ഉണരുകയെന്നും കൊടുംതണുപ്പില്‍ ഹിമാലയത്തിലെ തണുപ്പേറിയ വെള്ളത്തിലായിരുന്നു കുളിയെന്നും അതില്‍ മോദി പറഞ്ഞിരുന്നു.
ജലപാതത്തിന്റെ നേര്‍ത്ത ശബ്ദത്തില്‍നിന്നു പോലും ശാന്തത, ധ്യാനം എന്നിവ കണ്ടെത്താന്‍ ഞാന്‍ പഠിച്ചു. എന്റെ ജീവിതത്തിലെ തീര്‍ച്ചപ്പെടുത്താനാകാത്ത കാലഘട്ടമായിരുന്നു. പക്ഷേ ഒരുപാട് ഉത്തരങ്ങള്‍ അപ്പോള്‍ ലഭിച്ചു. ഏറെ ദൂരം സഞ്ചരിച്ചു. രാമകൃഷ്ണ മിഷന്റെ കൂടെ ഏറെക്കാലം പ്രവര്‍ത്തിച്ചു. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു യാത്ര ചെയ്തുകൊണ്ടിരുന്നെന്നും മോദി വിശദീകരിച്ചിരുന്നു.