ന്യൂഡൽഹി: ഏറ്റവും കൂടുതല് കാലം സേവനമനുഷ്ഠിച്ച കോണ്ഗ്രസ് ഇതര പ്രധാനമന്ത്രിയായി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ഓഫീസില് 2,268 ദിവസം പിന്നിട്ട മോദി തന്റെ മുൻഗാമി അടല് ബിഹാരി വാജ്പേയിയെയാണ് മറികടന്നത്.
വാജ്പേയി ആയിരുന്നു മോദിക്ക് മുൻപ് ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന കോൺഗ്രസ് ഇതര പ്രധാനമന്ത്രി. 2014 മെയ് 26 ന് അധികാരത്തിലെത്തിയ മോദി ഏറ്റവും കൂടുതല് കാലം സേവനമനുഷ്ഠിക്കുന്ന നാലാമത്തെ ഇന്ത്യന് പ്രധാനമന്ത്രിയെന്ന ബഹുമതിയും സ്വന്തമാക്കി.
ഇക്കാര്യത്തിൽ ആദ്യ പ്രധാനമന്ത്രി ജവഹര്ലാല് നെഹ്റുവിനാണ് റിക്കാർഡ്. നെഹ്റു 16 വര്ഷവും 286 ദിവസവും ഇന്ത്യയെ നയിച്ചു. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ദിവസം മുതല് 1964 മെയ് 27 ന് അദ്ദേഹം മരിക്കുന്ന ദിവസം വരെ അദ്ദേഹം അധികാരത്തിലിരുന്നു.
ജവഹര്ലാല് നെഹ്റുവിന്റെ മകള് ഇന്ദിരാഗാന്ധിയാണ് തൊട്ടുപിന്നിൽ. ഇന്ദിര മൂന്ന് തവണകളിലായി 11 വര്ഷവും 59 ദിവസവും പ്രധാനമന്ത്രി സ്ഥാനം വഹിച്ചു. മന്മോഹന് സിംഗ് ആണ് മൂന്നാം സ്ഥാനത്ത്. അദ്ദേഹം രണ്ട് തവണ പ്രധാനമന്ത്രി സ്ഥാനം വഹിച്ചു.