മുംബൈ: കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യവിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ പെയിന്റിംഗുകൾ ലേലത്തിന്. മോദിയുടെ വീട്ടിൽനിന്നു ആദായനികുതി വകുപ്പ് പിടിച്ചെടുത്ത എണ്ണഛായാചിത്രങ്ങളാണ് ചൊവ്വാഴ്ച ലേലം ചെയ്യുന്നത്.
68 പെയിന്റിംഗുകളാണ് മോദിയുടെ വീട്ടിൽനിന്നു പിടിച്ചെടുത്തത്. മോദി വാങ്ങിക്കൂട്ടിയതാണ് ഇവ. ഇതിനെല്ലാം കൂടി മുപ്പതു മുതൽ അന്പതു കോടി രൂപ വരെ ലഭിക്കുമെന്നാണ് ആദായനികുതി വകുപ്പ് കണക്കുകൂട്ടുന്നത്. മുംബൈയിലാണു ലേലം. രാജാ രവിവർമ, വി.എസ്. ഗെയ്തൊണ്ഡെ തുടങ്ങിയ കലാകാരൻമാരുടെ പെയിന്റിംഗുകളും ലേലത്തിൽ ഉൾപ്പെടുന്നു.
ആദായനികുതി വകുപ്പ് പെയിന്റിംഗുകൾ ലേലം ചെയ്യുന്നത് ആദ്യത്തെ സംഭവമാണെന്ന് ലേല രംഗത്തെ വിദഗ്ധർ പറയുന്നു. സാധാരണയായി വസ്തുക്കൾ, സ്വർണം, ലക്ഷ്വറി സാധനങ്ങൾ എന്നിവയാണ് ലേലം ചെയ്യുന്നത്.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പ് പെയിന്റിംഗുകൾ ലേലം ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ആദായനികുതി വകുപ്പ് പ്രഫഷണൽ ലേലക്കാരായ സാഫ്രോണ്ആർട്ടിനെ സമീപിക്കുകയായിരുന്നു. ലേലത്തിനെതിരേ മോദിയുടെ അഭിഭാഷകൻ കോടതിയെ സമീപിച്ചെങ്കിലും കേസ് ബുധനാഴ്ച മാത്രമാണു പരിഗണിക്കുക.