പാലക്കാട്: എൽഡിഎഫിനും യുഡിഎഫിനുമെതിരേ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എൽഡിഎഫ്-യുഡിഎഫ് ഫിക്സഡ് മത്സരം ഇത്തവണ കേരളം തള്ളും. യുവ വോട്ടർമാർ എൽഡിഎഫിലും യുഡിഎഫിലും നിരാശരാണ്.
പുതിയ വോട്ടർമാർ ഇരുമുന്നണികളുടെയും മാച്ച് ഫിക്സിംഗ് മത്സരത്തെ എതിർക്കുന്നുവെന്നും പാലക്കാട്ടെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മോദി പറഞ്ഞു.
യുഡിഎഫും എൽഡിഎഫും വ്യത്യസ്ത പേരുകളാണ്, എന്നാൽ ചെയ്യുന്നത് ഒരേ പ്രവൃത്തിയും. പശ്ചിമ ബംഗാളിൽ സിപിഎമ്മും കോൺഗ്രസും ഒരു മുന്നണിയായാണ് നിൽക്കുന്നത്.
യുഡിഎഫ് അധികാരത്തിൽ ഇരുന്നപ്പോൾ സൂര്യവെളിച്ചത്തെപ്പോലും വെറുതെ വിട്ടില്ല. എൽഡിഎഫ് വന്നപ്പോൾ സ്വർണത്തിനായി കേരളത്തെ വഞ്ചിച്ചുവെന്നും മോദി വിമർശനം നടത്തി.
ഇരു മുന്നണികളും പയറ്റുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. നിരപരാധികളായ ഭക്തരെ എൽഡിഎഫ് സർക്കാർ ആക്രമിച്ചു. ഇതിൽ യുഡിഎഫ് മൗനം പാലിച്ചുവെന്നും മോദി കുറ്റപ്പെടുത്തി.
രാജ്യം നേരിടുന്നത് പ്രധാനമായും അഞ്ചു രോഗങ്ങളാണ്. അഴിമതി, ജാതീയത, വർഗീയത, സ്വജനപക്ഷപാതം, ക്രിമിനൽവത്കരണം എന്നിവയാണ് അതൊക്കെയെന്ന് മോദി പറഞ്ഞു.
എല്ലാവരുടെയും ജീവിതസാഹചര്യം മെച്ചപ്പെടുത്താനാണ് ബിജെപി ശ്രമം. ജീവിതത്തിന്റെ എല്ലാ തുറകളിലുള്ളവരുമായും ബന്ധപ്പെടുന്നതാണ് ബിജെപി കാഴ്ചപ്പാടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇ. ശ്രീധരനെയും പ്രധാനമന്ത്രി പ്രകീർത്തിച്ചു. ശ്രീധരൻ കേരളത്തിന്റെ അഭിമാന പുത്രനാണ്. അദ്ദേഹം ലോകത്തിന് പ്രചോദനമാണെന്നും മോദി കൂട്ടിച്ചേർത്തു.