ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്കു നേരിട്ട വൻ പരാജയത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജയവും പരാജയവും ജീവിതത്തിന്റെ ഭാഗങ്ങളാണെന്നും ജനവിധി വിനയത്തോടെ അംഗീകരിക്കുന്നെന്നും മോദി ട്വീറ്റ് ചെയ്തു.
ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു. സംസ്ഥാനങ്ങളെ സേവിക്കാൻ അവസരം നൽകിയ ഛത്തിസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ജനങ്ങളോടു നന്ദി പറയുന്നു. ഇവിടെ ബിജെപി സർക്കാരുകൾ ജനങ്ങളുടെ ക്ഷേമത്തിനായി അക്ഷീണം പ്രയത്നിച്ചു.
തെരഞ്ഞെടുപ്പിൽ വിജയിച്ച കോണ്‍ഗ്രസിനെയും കെസിആറിനെയും മിസോ നാഷണൽ ഫ്രണ്ടിനെയും അഭിനന്ദിക്കുന്നു. ബിജെപി പ്രവർത്തകരുടെ കഠിനാധ്വാനത്തിനു അഭിവാദ്യം അർപ്പിക്കുന്നു- മോദി ട്വീറ്റ് ചെയ്തു.
ജയവും പരാജയവും ജീവിതത്തിന്റെ ഭാഗങ്ങളാണെന്നും ഈ ജനവിധി ഇന്ത്യയുടെ വികസനത്തിനായി കഠിനമായി പ്രവർത്തിക്കുന്നതിന് പാർട്ടിയെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.