ലോകത്തെ കള്ളപ്പണക്കാരുടെ പട്ടികയുമായി പുറത്തുവന്ന പാരഡൈസ് പേപ്പേഴ്‌സില്‍ മോദിക്കായി തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയ കമ്പനിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. പട്ടികയില്‍ ഉള്‍പ്പെട്ട ഒമ്ദിയാര്‍ നെറ്റ്വര്‍ക്കും ബി.ജെ.പിയും തമ്മില്‍ അടുത്ത ബന്ധമുള്ളതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും വേണ്ടി മുന്നില്‍ നിന്നും പ്രചരണം സംഘടിപ്പിച്ചത് ഒമ്ദിയാര്‍ നെറ്റ്വര്‍ക്കെന്ന അമേരിക്കന്‍ കമ്പനിയാണ്.
‘കള്ളപ്പണവേട്ട’ എന്ന പേരില്‍ മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ടു നിരോധനം ഒന്നാം വാര്‍ഷികത്തില്‍ എത്തി നില്‍ക്കേയാണ് മോദിയെ അധികാരത്തിലെത്തിക്കാന്‍ പ്രയത്നിച്ചത് കള്ളപ്പണ പട്ടികയില്‍ ഉള്‍പ്പെട്ട കമ്പനിയാണെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നതെന്ന് പ്രത്യേകതയുമുണ്ട്. പാരഡൈസ് പേപ്പേഴ്സില്‍ ഉള്‍പ്പെട്ട കേന്ദ്രസഹമന്ത്രി ജയന്ത് സിന്‍ഹയും ഒമ്ദിയാര്‍ നെറ്റ്വര്‍ക്കും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. ബി.ജെ.പിയ്ക്കും ഒമ്ദിയാറിനും ഇടയില്‍ പ്രവര്‍ത്തിച്ചത് സിന്‍ഹയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമേരിക്കന്‍ ശതകോടീശ്വരന്‍ പിയറി ഒമ്ദിയാര്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്താനെന്നപേരില്‍ രൂപീകരിച്ച ഏജന്‍സിയാണ് ഒമ്ദിയാര്‍ നെറ്റ്വര്‍ക്ക്.
2013ല്‍ ലോകമെമ്പാടുമായി ഒമ്ദിയാര്‍ ചെലവിട്ട ഫണ്ടിന്റെ 18 ശതമാനവും ഇന്ത്യയിലായിരുന്നു. 60 കോടി ഡോളറായിരുന്നു ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇവര്‍ ചിലവഴിച്ചത്. ഒമ്ദിയാറിന്റെ സാരഥിയായിരുന്ന സിന്‍ഹ 2013 ഫെബ്രുവരിയിലാണ് കമ്പനിയില്‍ നിന്ന് രാജിവച്ച് ബി.ജെ.പിയുടെ പ്രചാരണസംഘത്തില്‍ ചേരുന്നത്. ഒമ്ദിയാറില്‍ പ്രവര്‍ത്തിക്കുന്നതോടൊപ്പം ജയന്ത് സിന്‍ഹ ബി.ജെ.പിയുടെ നയരൂപീകരണ സമിതികളിലും അംഗമായിരുന്നു. ദേശീയസുരക്ഷാ ഉപദേഷ്ടാവും മോഡിയുടെ വിശ്വസ്തനുമായ അജിത് ഡോവല്‍ സ്ഥാപിച്ച ഇന്ത്യ ഫൌണ്ടേഷന്‍ എന്ന സംഘപരിവാര്‍ സംഘടനയുടെ ഡയറക്ടറായും ജയന്ത് സിന്‍ഹ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏതായാലും പാരസൈഡ് പേപ്പേഴ്‌സ് പുറത്തുവിട്ട ലിസ്റ്റ് ബിജെപിയ്ക്ക് ഒട്ടും അനുകൂലമല്ല.