പ്രതിമകൊണ്ടും മതിയായില്ല! പട്ടേല്‍ പ്രതിമയ്ക്ക് പിന്നാലെ പട്ടേലിന്റെ പേരില്‍ ദേശീയ പുരസ്‌കാരം ഏര്‍പ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി; വിമര്‍ശനങ്ങള്‍ക്കിടെ പുരസ്‌കാരത്തിന്റെ പ്രത്യേകതകളായി പ്രധാനമന്ത്രി പറയുന്നതിങ്ങനെ

ഏകതാ പ്രതിമയുടെ പേരില്‍ ചെറിയ വിമര്‍ശനമൊന്നുമല്ല, നരേന്ദ്രമോദിയും കേന്ദ്ര സര്‍ക്കാരും നേരിടേണ്ടി വന്നത്. 3000 കോടി രൂപ മുതല്‍ മുടക്കി പ്രതിമ നിര്‍മിച്ച നടപടിയെ വിദേശമാധ്യമങ്ങള്‍ പോലും വിമര്‍ശിക്കുകയുമുണ്ടായി. ഇടത്തരക്കാരും സാധാരണക്കാരും ബഹുഭൂരിപക്ഷമുള്ള ഒരു രാജ്യത്ത് ഇങ്ങനെയൊരു പ്രതിമയുടെ കാര്യമെന്താണെന്നാണ് പലരും ചോദിക്കുന്നത്.

ഇത്രയും കോടി ചിലവഴിച്ചുള്ള പ്രതിമ നിര്‍മാണം രാജ്യത്തെ ജനങ്ങളെ, പ്രത്യേകിച്ച് സാധാരണക്കാരെ എത്രമാത്രം പ്രകോപിപ്പിച്ചു എന്നതിന് ഏറ്റവും വലിയ തെളിവായിരുന്നു, ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട വലിയ തിരിച്ചടി.

ഇപ്പോഴിതാ അതുകൊണ്ടൊന്നും പാഠം പഠിക്കാന്‍ തയാറല്ലെന്ന് വ്യക്തമാക്കി ബിജെപി അടുത്ത നീക്കത്തിന് തയാറെടുക്കുന്നു. ഏകതാ പ്രതിമയ്ക്ക് പിന്നാലെ പട്ടേലിന്റെ തന്നെ പേരില്‍ ദേശീയ പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇക്കൂട്ടര്‍.

രാജ്യത്തിന്റെ ഐക്യത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ഈ പുരസ്‌കാരം നല്‍കുക. ഗുജറാത്തിലെ നര്‍മ്മദ ജില്ലയിലെ കവാഡിയയില്‍ വെച്ച് നടന്ന പോലീസ് ഡിജിപിമാരുടെയും ഐജിമാരുടെയും വാര്‍ഷിക കോണ്‍ഫറന്‍സിന്റെ സമാപന ചടങ്ങിലാണ് പ്രധാനമന്ത്രി പട്ടേല്‍ പുരസ്‌കാരം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

പത്മ പുരസ്‌കാരത്തിന്റെ മാതൃകയിലാണ് പട്ടേല്‍ പുരസ്‌കാരവും നല്‍കാന്‍ ഉദ്ദേശിക്കുന്നത്. രാജ്യത്തിന്റെ ഐക്യത്തിനായുള്ള പട്ടേലിന്റെ സംഭാവനകള്‍ പ്രയോജനപ്രദമാക്കുകയാണ് പുരസ്‌കാരത്തിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തിന്റെ ഐക്യത്തിനായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് അവാര്‍ഡിനായി അപേക്ഷിക്കാനാകും.

ഇതു കൂടാതെ പട്ടേലിന്റെ ജന്മ ദിനമായ ഒക്ടോബര്‍ 31 ദേശീയ ഏകത ദിനമായി ആചരിക്കാനും ആ ദിവസം പട്ടേല്‍ പ്രതിമയ്ക്ക് സമീപം മൂന്നോ നാലോ സംസ്ഥാനങ്ങളിലെ പോലീസ് സേനയെ അണിനിരത്തി പരേഡ് സംഘടിപ്പിക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ചു. നാഷണല്‍ പോലീസ് മെമ്മോറിയലിന്റെ സ്മരണയ്ക്കായി സ്റ്റാമ്പും ചടങ്ങില്‍ പ്രധാനമന്ത്രി പുറത്തിറക്കി.

Related posts