പത്തനംതിട്ട: എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പത്തനംതിട്ടയിൽ. സംസ്ഥാനത്ത് എൻഡിഎയുടെ സ്ഥാനാർഥി പട്ടിക പ്രസിദ്ധപ്പെടുത്തിയശേഷമുള്ള പ്രധാനമന്ത്രി പങ്കെടുക്കുന്ന ആദ്യ പ്രചാരണ പരിപാടിയാണിത്.
സമ്മേളന വേദിയിൽ എൻഡിഎയുടെ കേന്ദ്ര, സംസ്ഥാന നേതാക്കളും കേന്ദ്രമന്ത്രിമാരുമുണ്ടാകും. എൻഡിഎ സ്ഥാനാർഥികളായ അനിൽ കെ.ആന്റണി (പത്തനംതിട്ട), ബൈജു കലാശാല (മാവേലിക്കര), ശോഭ സുരേന്ദ്രൻ (ആലപ്പുഴ) എന്നിവരെ വേദിയിൽ പ്രധാനമന്ത്രി പരിചയപ്പെടുത്തും.
ഒരു ലക്ഷത്തോളം പ്രവർത്തകർ
ഒരു ലക്ഷത്തോളം പ്രവർത്തകരെ പരിപാടിയിൽ അണിനിരത്തുമെന്നു ബിജെപി ജില്ലാ നേതൃത്വം പറഞ്ഞു. പകൽസമയത്തെ ഉയർന്ന താപനില കണക്കിലെടുത്തു പന്തലിൽ ഫാനുകൾ, വെള്ളം അടക്കം ക്രമീകരണങ്ങൾ സംഘാടകർ ഒരുക്കിയിട്ടുണ്ട്.
പ്രമുഖ വ്യക്തികൾക്കു പ്രത്യേക ഇരിപ്പിടങ്ങളൊരുക്കും. ഓരോ ബൂത്തിൽ നിന്നും 200 പ്രവർത്തകരെ വീതം പങ്കെടുപ്പിക്കാനാണ് എൻഡിഎ സംസ്ഥാന കമ്മിറ്റി നേതാക്കൾക്കു നൽകിയി രിക്കുന്ന നിർദേശം .
ഡ്രോൺ പറത്തിയാൽ നിയമനടപടി: പോലീസ്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് പത്തനംതിട്ട നഗരസഭാ ജില്ലാ സ്റ്റേഡിയത്തിലും പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലും ഡ്രോണുകളും മറ്റും നിരോധിച്ച് ജില്ലാ പോലീസ്. പ്രധാനമന്ത്രിയുടെ സുഗമമായ സന്ദർശനത്തിനും, സുരക്ഷാഭീഷണി ഒഴിവാക്കുന്നതിനും ഉദ്ദേശിച്ച് കേരള പോലീസ് ആക്ട് വകുപ്പ് 39 പ്രകാരമാണ്ഉത്തരവ്.
ഇരു സ്റ്റേഡിയങ്ങളുടെയും മൂന്ന് കിലോമീറ്റർ ദൂരപരിധിയിൽ ഡ്രോണുകൾ, വിദൂരനിയന്ത്രിത മൈക്രോ ലൈറ്റ് എയർ ക്രാഫ്റ്റുകൾ, ഏറോമോഡലുകൾ, പാരാഗ്ളൈഡറുകൾ, പാരാ മോട്ടറുകൾ, ഹാൻഡ് ഗ്ളൈഡറുകൾ, ഹോട് എയർ ബലൂണുകൾ,പട്ടങ്ങൾ തുടങ്ങിയവ പറത്തുന്നതിനാണ് നിരോധനം.
ഇന്നു രാത്രി 10 വരെ ഉത്തരവ് നിലനിൽക്കും. ലംഘനമുണ്ടായാൽ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി വി. അജിത് അറിയിച്ചു.
പാർക്കിംഗ് സൗകര്യം
ജില്ലാ പോലീസ് ഓഫീസിനു സമീപത്തെ ശബരിമല ഇടത്താവളം, സെന്റ് പീറ്റേഴ്സ് ജംഗ്ഷന് അടുത്തുള്ള ജിയോ ഗ്രൗണ്ട്, മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ചർച്ച് ഗ്രൗണ്ട് എന്നിവടങ്ങളിൽ വാഹനപാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയതായും ജില്ലാ പോലീസ് മേധാവി അറയിച്ചു.