നരേന്ദ്രമോദിയുടെ ചിത്രം പ്രദര്‍ശിപ്പിക്കാത്ത പെട്രോള്‍ പമ്പ് ഉടമകള്‍ക്ക് ഇന്ധനം സ്റ്റോക്ക് നല്‍കാതെ എണ്ണക്കമ്പനികള്‍ സമ്മര്‍ദത്തിലാക്കുകയാണെന്ന ആരോപണവുമായി പെട്രോള്‍ പമ്പ് ഉടമകളുടെ സംഘടന. 2019ലെ പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് എണ്ണകമ്പനികളുടെ ഈ നടപടിയെന്ന് കണ്‍സോര്‍ഷ്യം ഓഫ് പെട്രോളിയം ഡീലേഴ്സ് ആരോപിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഈ ആവശ്യത്തിന് പുറമെ പമ്പിലെ ജീവനക്കാരുടെ മതവും ജാതിയും വെളിപ്പെടുത്തണമെന്നും കമ്പനികള്‍ ആവശ്യപ്പെട്ടതായും കണ്‍സോര്‍ഷ്യം അദ്ധ്യക്ഷന്‍ എസ്.എസ് ഗോഗ പറഞ്ഞു. ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം തുടങ്ങിയ കമ്പനികള്‍ നേരിട്ട് നടത്തുന്ന ഔട്ട്ലെറ്റുകളില് ഇപ്പോള്‍തന്നെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് എല്‍പിജി കണക്ഷന് ലഭ്യമാക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ പരസ്യം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഈ പരസ്യം തന്നെ മറ്റ് ഔട്ട്ലെറ്റുകളിലേക്കും വ്യാപിപ്പിക്കാനാണ് എണ്ണകമ്പനികള്‍ ആവശ്യപ്പെടുന്നത്. പെട്രോള്‍ പമ്പുകളിലെ പത്തുലക്ഷത്തോളം വരുന്ന ജീവനക്കാരുടെ പേര്, മതം, ജാതി, മണ്ഡലം എന്നിവ സര്‍ക്കാര്‍ ശേഖരിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ഗോഗ പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് എണ്ണകമ്പനികള്‍ 59,000 വരുന്ന ഡീലര്‍മാരോട് ജീവനക്കാരുടെ വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടത്. പ്രധാനമന്ത്രിയുടെ നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി ആളുകളെ തിരിച്ചറിയാന്‍ വേണ്ടിയാണ് ഇതെന്നായിരുന്നു കമ്പനികളുടെ വിശദീകരണം.