തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രിയെ കാണാൻ അനുമതി തേടിയ യുഡിഎഫ് പ്രതിനിധി സംഘത്തിന് 15 മിനിറ്റു മുമ്പു മാത്രം കാണാൻ അനുമതി ലഭിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശാനാർഥം വാഹന ഗതാഗതത്തിനു കടുത്ത നിയന്ത്രണമുണ്ടായിരുന്നതിനാൽ യുഡിഎഫ് നേതാക്കൾക്ക് 15 മിനിറ്റിനകം തൈക്കാട് ഗസ്റ്റ്ഹൗസിൽ എത്തിച്ചേരാൻ കഴിഞ്ഞില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
ഇന്നലെ വൈകുന്നേരം 5.15 നാണു യുഡിഎഫ് പ്രതിനിധി സംഘത്തിനു സന്ദർശനാനുമതി ലഭിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ടൂർ ഓഫീസറാണ് സന്ദേശം 5.15നു പ്രതിപക്ഷ നേതാവിന്റെ ഓഫീസിനു കൈമാറിയത്. 5.30നു പ്രധാനമന്ത്രി പൂന്തുറയിൽ നിന്നു തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ എത്തിച്ചേരുമ്പോൾ കാണാനായിരുന്നു സന്ദേശം. പ്രതിനിധി സംഘത്തിലുൾപ്പെട്ട യുഡിഎഫ് നേതാക്കളെല്ലാവരും പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിൽ നിന്ന് പിരിഞ്ഞുപോയതിനുശേഷമാണു സന്ദർശനാനുമതി നൽകിക്കൊണ്ടുള്ള സന്ദേശം ലഭിച്ചത്.
യുഡിഎഫ് പ്രതിനിധി സംഘത്തിനു പ്രധാനമന്ത്രിയെ കാണാൻ നേരത്തെ അനുമതി നിഷേധിച്ചതിനെ തുടർന്ന് അദ്ദേഹത്തിനു നൽകാൻ തയാറാക്കിയ നിവേദനം കൈമാറാൻ സ്ഥലം എംഎൽഎ വി.എസ്. ശിവകുമാറിനെ യുഡിഎഫ് യോഗം ചുമതലപ്പെടുത്തുകയും അദ്ദേഹം പൂന്തുറയിൽ അതു നൽകുകയും ചെയ്തതായി പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു.
ഓഖി ദുരന്തവുമായി ബന്ധപ്പെട്ട വിഷയത്തിൽ പോലും പ്രധാനമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യുഡിഎഫ് ഘടകകക്ഷി നേതാക്കളും നേരത്തെ പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു. മോദിയെ കാണാൻ അനുമതി ചോദിച്ചു പ്രധാനമന്ത്രിയുടെ ഓഫീസിനു നിവേദനം നൽകിയിരുന്നു.
കെ.സി. വേണുഗോപാൽ എംപി പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ശ്രദ്ധയിൽ ഇക്കാര്യംപെടുത്തിയിരുന്നു.മുഖ്യമന്ത്രിയോടു നേരിട്ടും കത്തു മുഖേനയും ഇതിന് അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിക്കും ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു.
ദുരന്തത്തിൽ എത്രപേർ മരിച്ചെന്നോ എത്ര പേരെ കാണാതായെന്നോ ഇനിയും കണക്കില്ല. 300 ലധികം പേരെ കാണാതായെന്നാണ് റവന്യു വകുപ്പിന്റെ നിലപാട്. ഫിഷറീസ് മന്ത്രി ഈ കണക്കിനെ നിഷേധിക്കുന്നു. ഈ സാഹചര്യത്തിലാണ് ഉത്തരവാദിത്വപ്പെട്ട പ്രതിപക്ഷമെന്ന നിലയിൽ പ്രധാനമന്ത്രിയെ കണ്ടു നിവദേനം നൽകാൻ ശ്രമിച്ചത്.
ഓഖി ചുഴലിക്കാറ്റിനെക്കുറിച്ചു മുന്നറിയിപ്പു നൽകുന്നതിനോ ദുരന്തം ഉണ്ടായപ്പോൾ നേരിടുന്നതിനോ സംസ്ഥാന സർക്കാരിനു കഴിഞ്ഞില്ല. മൃതദേഹങ്ങൾ കടലിൽ ഒഴുകി നടക്കുന്നു. ക്രിസ്മസ് ആകുമ്പോൾ കൂടുതൽ മത്സ്യത്തൊഴിലാളികൾ മടങ്ങി വരുമെന്ന വിചിത്രമായ വാദമാണ് ഫിഷറീസ് മന്ത്രി ഉയർത്തുന്നതെന്നും കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ, ബീമാപള്ളി റഷീദ്, വി. സുരേന്ദ്രൻപിള്ള, ഷിബു ബേബിജോണ്, സി.പി. ജോണ്, വി. റാംമോഹൻ എന്നിവർ പറഞ്ഞു.