ന്യൂയോർക്ക്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണറാലികളിൽ നടത്തുന്ന വിദ്വേഷപ്രസംഗത്തെ വിമർശിച്ച് ലോകമാധ്യമങ്ങൾ. മുസ്ലിങ്ങളെ നുഴഞ്ഞുകയറ്റക്കാരെന്നും കൂടുതൽ മക്കളെ ഉണ്ടാക്കുന്നവരെന്നും ആക്ഷേപിച്ചതാണ് ലോകമാധ്യമങ്ങളുടെ വിമർശനത്തിനിടയാക്കിയത്.
പ്രസംഗത്തിനെതിരേ പ്രതിപക്ഷം ശക്തമായി രംഗത്തുവരികയും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയും ചെയ്തിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയൊന്നും സ്വീകരിക്കാതെ മൗനം പാലിക്കുകയാണെന്ന് വിദേശമാധ്യമങ്ങൾ കുറ്റപ്പെടുത്തി.
ന്യൂനപക്ഷങ്ങൾക്കുനേരേ മോദി നടത്തുന്ന ഏറ്റവും മോശമായ പ്രതികരണമാണ് ഇതെന്ന് അമേരിക്കയിലെ ലോസ് ആഞ്ചലസ് ടൈംസ് എഴുതി. മോദിസർക്കാരിന്റെ കാലത്ത് ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കുനേരേ ആക്രമണങ്ങൾ വർധിച്ചതായും പത്രത്തിന്റെ റിപ്പോർട്ടിലുണ്ട്. വോട്ടെടുപ്പ് തുടരുന്നതിനിടെ വിദ്വേഷപ്രസംഗം വഴി മോദി രാജ്യത്ത് സംഘർഷത്തിനു ശ്രമിക്കുന്നുവെന്ന് ആരോപണമുണ്ടെന്ന് ബ്രിട്ടനിലെ ദ ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തു.
ഇന്ത്യൻ പ്രധാനമന്ത്രി വീണ്ടും പഴയ മുസ്ലിം വിരുദ്ധ പ്രസംഗങ്ങളിലേക്കു തിരിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പ്രചാരണതന്ത്രം മാറ്റുന്നതിന്റെ സൂചനയാണ് ഇതെന്നും ഖത്തർ ആസ്ഥാനമായ അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ഒരു പതിറ്റാണ്ടായി മോദിയും ബിജെപിയും മതപരമായ ധ്രുവീകരണത്തിലൂടെ ഹിന്ദു ദേശീയത ആളിക്കത്തിക്കുകയാണെന്നും ഇത് ഇസ്ലാമോഫോബിയയിലേക്കും വർഗീയ കലാപത്തിലേക്കും ലോകത്തിലെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യത്തെ നയിച്ചുവെന്നും സിഎൻഎൻ എഴുതി.
സ്വാതന്ത്ര്യാനന്തര നേതാക്കൾ ഇന്ത്യയെ മതേതര, ബഹുസ്വര ജനാധിപത്യമായി കണ്ടിരുന്നുവെങ്കിൽ അതിൽനിന്നു വ്യത്യസ്തമായി മോദിയും അദ്ദേഹത്തിന്റെ പാർട്ടിയും മതത്തെ ദുരുപയോഗിക്കുകയാണെന്നും ഇത് ആക്രമണങ്ങൾക്കു വഴിവയ്ക്കുകയാണെന്നും വാഷിംഗ്ടൺ പോസ്റ്റ് എഴുതി.
മോദി ഭരണത്തിൻ കീഴിൽ മുസ്ലിംകൾക്കെതിരായ ആൾക്കൂട്ട കൊലപാതകം, മോസ്കുകൾക്കു തീയിടൽ, അവരുടെ വീടുകൾ ബുൾഡോസർ കൊണ്ട് ഇടിച്ചുനിരപ്പാക്കൽ എന്നിങ്ങനെയുള്ള മറ്റ് വിദ്വേഷ കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ടെന്നും വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ടിലുണ്ട്.
പ്രധാനമന്ത്രി മോദി ലോകവേദികളിൽ അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്കു കടകവിരുദ്ധമാണ് അദ്ദേഹത്തിന്റെ പ്രസംഗങ്ങളെന്ന് ന്യൂയോർക്ക് ടൈംസ് എഴുതി.
മോദിയുടെ വിദ്വേഷപ്രസംഗത്തെ അമേരിക്കയിലെ ഏറ്റവും വലിയ മുസ്ലിം പൗരാവകാശ സംഘടനയായ കൗൺസിൽ ഓൺ അമേരിക്കൻ ഇസ്ലാമിക് റിലേഷൻസ് അപലപിച്ചു.
ഇത്തരത്തിൽ ന്യൂനപക്ഷങ്ങളെ അപകീർത്തിപ്പെടുത്തുന്നത് ശ്രേഷ്ഠമായ ഏറെ പാരന്പര്യമുള്ള ഒരു രാജ്യത്തെ ഭരണാധികാരിക്കു ചേർന്നതല്ലെന്ന് സംഘടന ചൂണ്ടിക്കാട്ടി. ഇന്ത്യയെ പ്രത്യേക ആശങ്കയുള്ള രാജ്യമായി പ്രഖ്യാപിക്കാൻ പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെടുമെന്നും സംഘടന അറിയിച്ചു.