ന്യൂഡൽഹി: ജമ്മു കാഷ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാൻമാരുടെ പേരിൽ കന്നിവോട്ടർമാരോടു വോട്ടു ചോദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ. ഏപ്രിൽ ഒന്പതിനു മഹാരാഷ്ട്രയിലെ ലത്തൂരിൽ മോദി നടത്തിയ പ്രസംഗത്തിൽ പിഴവില്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ വിധിച്ചു. പ്രസംഗം വിശദമായി പരിശോധിച്ചാണ് ക്ലീൻ ചിറ്റ് നൽകുന്നതെന്നും കമ്മീഷൻ അറിയിച്ചു.
കന്നിവോട്ടർമാരോട് എനിക്കു ചോദിക്കാനുള്ളത്, ബാലക്കോട്ടിൽ വ്യോമാക്രമണം നടത്തിയ സൈനികർക്കായി നിങ്ങളുടെ വോട്ട് നൽകാൻ കഴിയില്ലേ?. പുൽവാമയിൽ കൊല്ലപ്പെട്ട ധീരജവാൻമാർക്കായി നിങ്ങളുടെ വോട്ട് നൽകാൻ കഴിയില്ലേ? എന്നിങ്ങനെയായിരുന്നു മോദിയുടെ ലത്തൂരിലെ പ്രസംഗം.
സൈന്യത്തെ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കരുതെന്ന് കമ്മീഷൻ നേരത്തെ നിലപാട് സ്വീകരിച്ചിരുന്നെങ്കിലും ഈ നിലപാടിൽ മലക്കം മറിഞ്ഞാണ് പ്രധാനമന്ത്രിക്കു കമ്മീഷൻ ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്.
24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് കമ്മീഷൻ മോദി അനുകൂല നിലപാട് സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതു സംബന്ധിച്ച് നടത്തിയ പ്രസ്താവനയിൽ മോദിക്കു തെരഞ്ഞെടുപ്പു കമ്മീഷൻ ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഭൂരിപക്ഷ വിഭാഗത്തെ ഭയന്നാണ്, ന്യൂനപക്ഷ വിഭാഗങ്ങൾ കൂടുതലുള്ള വയനാട്ടിൽ രാഹുൽ മത്സരിക്കുന്നതെന്നായിരുന്നു മഹാരാഷ്ട്രയിലെ വാർധയിൽ മോദി പ്രസംഗിച്ചത്. വയനാട് പാക്കിസ്ഥാനിലോ എന്നു ബിജെപി അധ്യക്ഷൻ അമിത് ഷാ പ്രസ്താവിച്ചതും വിവാദമായിരുന്നു.
പ്രധാനമന്ത്രിക്കെതിരായ പരാതി ആദ്യമായാണു പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിച്ചത്. മോദിയും അമിത് ഷായും നിരന്തരം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയിട്ടും നടപടിയെടുക്കാത്ത തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ കോണ്ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷനു സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു.