ഡൽഹി: രാജീവ് ഗാന്ധിയെ അപമാനിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലി റദ്ദാക്കണമെന്ന് കോണ്ഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് മുതിർന്ന കോണ്ഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു.
രാജീവ് ഗാന്ധിയെ കുറിച്ച് ഗുരുതര ആരോപണങ്ങളാണ് മോദി ഉന്നയിച്ചിരിക്കുന്നത്. ഇത്തരം പ്രസ്താവനകൾ നടത്തിയ മോദിക്ക് ഇന്ത്യയുടെ സംസ്കാരത്തെ സംബന്ധിച്ചോ പാരന്പര്യത്തെ കുറിച്ചോ അറിവില്ല. മോദിയും ബിജെപി ദേശീയ അധ്യക്ഷനും തുടർച്ചയായി നിയമം ലംഘിക്കുന്നുവെന്നും കോണ്ഗ്രസ് നേതാക്കൾ പറഞ്ഞു.
മോദിക്കെതിരെ നടപടി സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അഭിഷേക് മനു സിഖ്വി പറഞ്ഞു. 48 മണിക്കൂറിനുള്ളിൽ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും സിഖ്വി കൂട്ടിച്ചേർത്തു.
രാജീവ് ഗാന്ധി ഒന്നാം നന്പർ അഴിമതിക്കാരനാണെന്നായിരുന്നു മോദിയുടെ പ്രസ്താവന. ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് മോദി രാജീവ് ഗാന്ധിക്കെതിരേ വിവാദ പരാമർശം നടത്തിയത്.
നിങ്ങളുടെ പിതാവിനെ മിസ്റ്റർ ക്ലീൻ എന്നായിരിക്കും നിങ്ങളുടെ സേവകർ വിശേഷിപ്പിക്കുന്നത്. എന്നാൽ ഒന്നാം നന്പർ അഴിമതിക്കാരനായാണ് അദ്ദേഹത്തിന്റെ ജീവിതം അവസാനിച്ചത്- ബോഫോഴ്സ് കേസ് സൂചിപ്പിച്ചുകൊണ്ട് മോദി പറഞ്ഞു.