സ്വന്തം ലേഖകന്‍
കോഴിക്കോട്: സംസ്ഥാന രാഷ്ട്രീയത്തെ വീണ്ടും കത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രേമോദിയുടെ പ്രസ്താവന. കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ വൈകിട്ട് വീട്ടില്‍ തിരിച്ചെത്തുമെന്ന് ഉറപ്പില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയാണ് സംസ്ഥാനത്ത് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേയായിരുന്നു കേരളത്തിലെയും ബംഗാളിലെയും ബിജെപി പ്രവര്‍ത്തകര്‍ ബോംബിന്റെയും തോക്കിന്റെയും ഇടയില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും വീട്ടില്‍ തിരിച്ചെത്തുമെന്ന് യാതൊരു ഉറപ്പും അവര്‍ക്കില്ലെന്നും പറഞ്ഞത്. ഇതോടെ പ്രധാനമന്ത്രിക്കെതിരേ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി രംഗത്തെത്തി. പ്രധാനമന്ത്രിയുടെ പദവിക്കുചേരാത്ത പ്രസ്താവനയാണിതെന്നായിരുന്നു മുഖ്യമന്ത്രിപറഞ്ഞത്.
വ്യാജപ്രചാരണത്തിലൂടെ കേരളത്തെ ബിജെപി അവഹേളിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ ചേരിതിരിഞ്ഞ് വീണ്ടും സിപിഎം -ബിജെപി നേതാക്കള്‍ പ്രസ്താവനകളുമായി രംഗത്തെത്തിയിരിക്കുകയാണ്. അതേസമയം വിഷയം രാഷ്ട്രീയ വിവാദമായതോടെ പ്രധാനമന്ത്രിയുടെ പ്രസ്താവനയെ പൂര്‍ണമായും ന്യായീകരിച്ച് ബിജെപി സംസ്ഥാന നേതൃത്വം രംഗത്തെത്തി. പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ എന്താണ് തെറ്റെന്ന് സംസ്ഥാന പ്രസിഡന്റ് ശ്രീധരന് പിള്ള ചോദിച്ചു.
കമ്മ്യൂണിസം എവിടെയുണ്ടോ അവിടെയെല്ലാം അക്രമമുണ്ട്. കേരളത്തിലെ അവവസ്ഥ ശരിക്കും മനസിലാക്കിയതുകൊണ്ടാണ് പ്രധാനമന്ത്രി അങ്ങനെ പറഞ്ഞതെന്നും ശ്രീധരന് പിള്ള രാഷ്ട്രദീപികയോട് പറഞ്ഞു. എത്ര കള്ളക്കേസുകളാണ് സിപിഎം നേതൃത്വം നല്കുന്ന സര്‍ക്കാര്‍ ബിജെപി നേതാക്കള്‍ക്കെതിരേ ചുമത്തിയത്.
ഇന്നേവരെ ആര്‍ക്കെതിരേയും ഒരു പരാമര്‍ശവും നടത്താത്ത തനിക്കെതിരേ കേസ് എടുത്തില്ലേ, മുതിര്‍ന്ന നേതാവും സംശുദ്ധവ്യക്തിത്വത്തിനുടമയുമായ ഒ.രാജഗോപാലിനെതിരേ കേസ് എടുത്തില്ലേ, കെ.സുരേന്ദ്രനും രാധാകുഷ്ണനും എതിരേ കേസ് എടുത്തില്ലേ… രാഷ്ട്രീയ എതിരാളികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്ന ഈ സമീപനമാണ് പ്രധാനമന്ത്രി തുറന്നുകാണിച്ചത്. സിപിഎമ്മിന്റെ മൂന്ന് മുഖ്യമന്ത്രിമാര്‍ കൊലക്കേസില്‍ പ്രതികളായിരുന്നില്ലേ…
ബിജെപിയുടെ ഏതെങ്കിലും സംസ്ഥാന നേതാക്കള്‍ കൊലക്കേസില്‍ പ്രതിയായിട്ടുണ്ടോ…. സത്യം പ്രധാനമന്ത്രി വിളിച്ചു പറഞ്ഞപ്പോര്‍ വിറളിപൂണ്ടിട്ട് കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. അക്രമസംഭവങ്ങള്‍ ആരുടെ ഭാഗത്തുനിന്നുമാണ് ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നതെന്ന കാര്യത്തില്‍ പരസ്യ സംവാദത്തിന് മുഖ്യമന്ത്രിയെ താന്‍ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സിപിഎമ്മിനെ അക്രമരാഷ്ട്രീയപാര്ട്ടിയായി ദേശീയ തലത്തില്‍ തന്നെ ചിത്രീകരിക്കാനുള്ള ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നീക്കം പൂര്‍ണ വിജയത്തില്‍ എത്തിയതായി പ്രധാനമന്ത്രിയുടെ ഇന്നലത്തെ പ്രസ്താവന തെളിയിക്കുന്നു. ബിജെപി ദേശീയ കൗണ്‍സില്‍ കോഴിക്കോട് നടക്കവേ സിപിഎം അക്രമപരമ്പരകള്‍ സചിത്രം വിവരിച്ചുകൊണ്ടുള്ള പുസ്തകം സംസ്ഥാന നേതാക്കളുടെ താല്പര്യ പ്രകാരം പുറത്തിറക്കിയിരുന്നു.
അന്ന് അത് ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയാകുകയും ചെയ്തു. ഇന്നലെ പ്രധാനമന്ത്രി തന്നെ അക്രമരാഷ്ട്രീയത്തിനെതിരേയും പ്രത്യക്ഷത്തില്‍ സിപിഎം ഭരിക്കുന്ന കേരളത്തിനെതിരേയും ഇത് ആയുധമാക്കുകയും ചെയ്തു. അക്രമരാഷ്ട്രീയം ചർച്ചയാക്കിയതില്‍ പൂര്‍ണവിജയം കണ്ട തുപ്തിയിലാണ് ബിജെപി സംസ്ഥാന നേതൃത്വം.