ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കൊപ്പമുള്ള വാർത്ത സമ്മേളനം ആഘോഷമാക്കി ട്രോളന്മാർ. ലോക്സഭാ തെരഞ്ഞെടുപ്പിൽ അവസാനഘട്ട വോട്ടെടുപ്പിലുള്ള പ്രചാരണം അവസാനിക്കാൻ മിനിറ്റുകൾ മാത്രം അവശേഷിക്കേയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടകീയമായി മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. അഞ്ചു വർഷത്തെ ഭരണത്തിനിടെ ആദ്യമായാണ് അദ്ദേഹം പത്രസമ്മേളത്തിനെത്തുന്നത്.
മോദി പത്രസമ്മേളനം നടത്താറില്ലെന്നു ചൂണ്ടിക്കാട്ടി കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അടക്കമുള്ളവർ നടത്തുന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മോദിയുടെ അപ്രതീക്ഷിത നീക്കം. എന്നാൽ, മാധ്യമ പ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാൻ പ്രധാനമന്ത്രി തയാറായില്ല. എല്ലാം ബിജെപി ദേശീയ അദ്ധ്യക്ഷനായ അമിത്ഷാ ജി പറയും.
അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി ഞാനിവിടെ കേട്ടിരിക്കുമെന്നും അധ്യക്ഷനാണ് ഞങ്ങൾക്ക് എല്ലാമെന്നുമാണ് ചോദ്യങ്ങൾ ചോദിച്ച മാധ്യമ പ്രവർത്തകരോട് മോദി പറഞ്ഞത്. അഞ്ചുവർഷത്തിനിടെ ആദ്യമായി വാർത്താസമ്മേളനത്തിനെത്തിയ മോദി എല്ലാവർക്കും നന്ദി പറയുക മാത്രമാണ് ചെയ്തത്.
കേവല ഭൂരിപക്ഷം നേടി വീണ്ടും അധികാരത്തിൽ വരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. ചോദ്യോത്തര വേളയിൽ പ്രധാനമന്ത്രിയോടാണെന്ന മുഖവുരയോടെ 2 തവണ ചോദ്യമെത്തി. 2 തവണയും മോദി ഒഴിഞ്ഞുമാറി.മാധ്യമപ്രവർത്തകരോടു ചായ കുടിച്ചോയെന്നു ചോദിച്ചു ലളിതമായായിരുന്നു മോദി സംസാരിച്ചു തുടങ്ങിയത്.
“മികച്ച’ വാർത്താസമ്മേളനം: രാഹുൽ
വളരെ “മികച്ച’ വാർത്താസമ്മേളനമാണ് നടത്തിയതെന്നും മോദിജിയെ ’അഭിനന്ദിക്കുന്നു’വെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. അടുത്ത വാർത്താ സമ്മേളനത്തിൽ ഏതാനും ചോദ്യങ്ങൾക്കെങ്കിലും ഉത്തരം പറയാൻ അമിത് ഷാ താങ്കളെ അനുവദിക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
ഏതായാലും ട്രോളർമാർക്ക് മോദിയുടെ മൗനം ആഘോഷമായി. ദ ടെലഗ്രാഫ് എന്ന പത്രം ഒന്നാം പേജിൽ മോദി ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്പോൾ പൂരിപ്പിക്കുമെന്ന അടിക്കുറുപ്പോടെ ശൂന്യമായി സ്ഥലം നൽകി. വൈദ്യുതി മന്ത്രി എം.എം. മണിയും കോൺഗ്രസ് എംഎൽഎ വി.ടി ബൽറാമും മോദിയെ പരിഹസിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടു.
മോദിക്ക് ഒന്നും പറ്റിയിട്ടില്ലെന്നായിരുന്നു മന്ത്രി മണിയുടെ പരിഹാസം. താടിയും പ്രസ് ചെയ്ത് കോണും തെറ്റി ഫ്രണ്ട്സിനൊപ്പം മിണ്ടാതിരിക്കുന്ന ചടങ്ങിനെയാണ് പ്രസ് കോൺഫ്രൻസ് എന്നു വിളിക്കുന്നതെന്നായിരുന്നു ബൽറാമിന്റെ പോസ്റ്റ്. നരേന്ദ്ര മോദി മാധ്യമങ്ങളെ കാണാൻ തീരുമാനിച്ചത് വളരെ നല്ല കാര്യമാണ് എന്നു രാഹുൽ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
എന്നാൽ ആദ്യമായി മാധ്യമങ്ങളെ കാണാൻ എത്തിയ പ്രധാനമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കാൻ മാധ്യമപ്രവർത്തകരുടെ ശ്രദ്ധ വേണമെന്ന് അദ്ദേഹം പറഞ്ഞു. മുൻപ് പലർക്കും മോദി അഭിമുഖം അനുവദിച്ചിട്ടുണ്ട്.
അന്ന് പലരും ചോദിച്ച പോലെ താങ്കളുടെ കുർത്ത മനോഹരമാണല്ലോ.. എന്താണ് ഈ ഹാഫ് കൈ കുർത്ത ധരിക്കുന്നത്. എവിടെ നിന്നാണ് ഈ ഐഡിയ കിട്ടിയത്. താങ്കളുടെ ഭക്ഷണം കഴിക്കുന്ന രീതിയാണ് എന്നിങ്ങനെ ഉള്ള കാര്യങ്ങൾ ചോദിക്കാതെ രാജ്യത്തെക്കുറിച്ച് ചോദിക്കണം എന്ന് രാഹുൽ ഓർമപ്പെടുത്തി.
അടുത്ത പ്രധാനമന്ത്രിയാരായിരിക്കും എന്ന ചോദ്യത്തിന് ഇന്ത്യയിലെ ജനങ്ങളാണ് അത് തീരുമാനിക്കുകയെന്നും മെയ് 23ന് ഇനി അധികം താമസമില്ലെന്നും രാഹുൽ പ്രതികരിച്ചു.