ന്യൂഡൽഹി: അഞ്ചു വർഷത്തിനിടെ ആദ്യമായി മാധ്യമങ്ങളെ കണ്ടപ്പോഴും ചോദ്യങ്ങൾ നേരിടാൻ തയാറാകാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങൾക്കും മാധ്യമങ്ങൾക്കും നന്ദി പറയാനാണ് താൻ വന്നതെന്നു പറഞ്ഞ മോദി, എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിൽ എത്തുമെന്ന് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. എന്നാൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകാൻ അദ്ദേഹം തയാറായില്ല.
കഴിഞ്ഞ രണ്ടു തവണയും തെരഞ്ഞെടുപ്പ് നടക്കുന്പോൾ ഐപിഎൽ മത്സരം പോലും നടന്നില്ല. സർക്കാർ ശക്തമായിരുന്നാൽ ഐപിഎൽ, റംസാൻ, സ്കൂൾ പരീക്ഷകൾ എന്നിവയൊക്കെ സമാധാനമായി നടക്കും. ഒരുപാടു കാലത്തിനുശേഷമാണ് ഇത് സംഭവിക്കുന്നതെന്ന് മോദി പറഞ്ഞു.
രണ്ടാം തവണയും ബിജെപി അധികാരത്തിൽ വരും. കഴിഞ്ഞ അഞ്ചു വർഷവും ഇന്ത്യയിലെ ജനങ്ങൾ തനിക്കൊപ്പം നിന്നു. സത്യവും സമഗ്രതയും 2014 മേയ് 17 മുതൽ തുടങ്ങി. താൻ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിനു മുന്പുതന്നെ അത് സംഭവിച്ചു. 2014-ൽ എല്ലാ വാതുവയ്പുകാർക്കും പണം നഷ്ടപ്പെട്ടു. ഇക്കുറിയും അത് സംഭവിക്കുമെന്ന് മോദി അവകാശപ്പെട്ടു. ഇതിനുശേഷം മോദിയോട് മാത്രമായി ചോദ്യങ്ങൾ ഉയർന്നെങ്കിലും ബിജെപി അധ്യക്ഷൻ അമിത് ഷാ മറുപടി പറയുമെന്ന് പറഞ്ഞ് മോദി ഒഴിഞ്ഞു.
2014-ൽ അധികാരമേറ്റശേഷം അഞ്ചു വർഷത്തിനിടെ ആദ്യമായാണ് മോദി മാധ്യമങ്ങളെ കാണുന്നത്. ന്യൂഡൽഹിയിൽ പാർട്ടി ആസ്ഥാനത്താണ് വാർത്താ സമ്മേളനം. മോദിക്കൊപ്പമുണ്ടായിരുന്ന അമിത് ഷായാണ് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയത്.
പാർട്ടി അധ്യക്ഷനുള്ളപ്പോൾ മറുപടി പറയില്ല; ചോദ്യങ്ങളോടു മോദിയുടെ മറുപടി
ന്യൂഡൽഹി: താൻ അച്ചടക്കമുള്ള പാർട്ടിക്കാരനാണെന്നും ബിജെപി അധ്യക്ഷൻ ഉള്ളപ്പോൾ താൻ മറുപടി നൽകേണ്ട ആവശ്യമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയായശേഷം നടത്തിയ ആദ്യ വാർത്താ സമ്മേളനത്തിൽ മോദിയോടായി ചോദ്യം ഉയർന്നപ്പോഴായിരുന്നു മോദിയുടെ മറുപടി.
അഞ്ചു വർഷം ജനങ്ങൾ തന്ന പിന്തുണയ്ക്കു നന്ദി പറയാനാണ് താൻ ഇവിടെ വന്നതെന്നു പറഞ്ഞ മോദി, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കാൻ തയാറായില്ല. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിക്കുന്ന ദിവസമാണ് മോദി മാധ്യമങ്ങളെ കണ്ടത്.