ബംഗളൂരു: ലൈംഗിക പീഡന പരാതി ഉയര്‍ന്ന ദേവഗൗഡയുടെ കൊച്ചുമകനും കര്‍ണാടക ഹസൻ ലോക്സഭാ മണ്ഡലം ജെഡിഎസ് സ്ഥാനാര്‍ഥിയുമായ പ്രജ്വൽ രേവണ്ണക്കെതിരേയും കേന്ദ്രസർക്കാരിനെതിരേയും ആഞ്ഞടിച്ചു കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.
ആയിരത്തോളം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച ആളാണ് പ്രജ്വൽ എന്നു പ്രിയങ്ക ആരോപിച്ചു. അയാളുമായി വേദി പങ്കിട്ട് അയാൾക്കു വേണ്ടി വോട്ട് ചോദിച്ച ആളാണ് നരേന്ദ്ര മോദി. പ്രജ്വലിന്റെ കാര്യത്തിൽ മോദിയും അമിത് ഷായും നിശബ്ദരായി തുടരുന്നതെന്തുകൊണ്ടെന്നും പ്രിയങ്ക ചോദിച്ചു.
കുറച്ച് ദിവസം മുൻപേ താൻ കുട്ടികളെ കാണാൻ മൂന്നു ദിവസം മാറി നിന്നപ്പോൾ വിദേശത്തേക്ക് രക്ഷപ്പെട്ടു എന്ന് ആരോപിച്ചവരാണ് മോദിയും അമിത് ഷായും. അവരുടെ മൂക്കിന് താഴെനിന്ന് പ്രജ്വലിനെപ്പോലെ ഒരു കുറ്റവാളി ഓടിരക്ഷപ്പെട്ടിട്ടും ഇവർ അറിഞ്ഞില്ലേ? പ്രജ്വൽ രാജ്യം വിട്ടത് കേന്ദ്രസർക്കാരിന്റെ അറിവോടെ അല്ലെന്ന് എങ്ങനെ വിശ്വസിക്കുമെന്നും പ്രിയങ്ക ചോദിച്ചു.
അതേസമയം. വിദേശത്തേക്കു കടന്ന പ്രജ്വൽ രേവണ്ണയോടു രാജ്യത്തേക്കു മടങ്ങിയെത്താൻ ആവശ്യപ്പെടുമെന്ന് കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിച്ചു. പ്രത്യേകസംഘം അന്വേഷണം ഉടൻ പൂർത്തിയാക്കുമെന്നും 10 മുതൽ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നും പരമേശ്വര മാധ്യമങ്ങളോടു പറഞ്ഞു.