മോസ്കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഷ്യയിലേക്ക് ക്ഷണിച്ച് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്ചയിലാണ് പുടിന്റെ ക്ഷണം. ക്രെംലിനിൽ നടന്ന കൂടിക്കാഴ്ചയിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവും റഷ്യയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂറും പങ്കെടുത്തു.
അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി റഷ്യയിൽ എത്തിയതാണ് ജയശങ്കർ. നേരത്തെ, ജയശങ്കർ റഷ്യൻ വിദേശകാര്യമന്ത്രിയെ കാണുകയും ഇൻഡോ-പസഫിക്, യുക്രെയ്ൻ സംഘർഷം, ഗാസ വിഷയം തുടങ്ങിയ ആഗോള പ്രശ്നങ്ങളെക്കുറിച്ചു ചർച്ച നടത്തിയിരുന്നു.
സാമ്പത്തിക സഹകരണം, സൈനിക-സാങ്കേതിക സഹകരണം തുടങ്ങിയ വിഷയങ്ങളിലെ പുരോഗതിയെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തിരുന്നു. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ഭൗമരാഷ്ട്രീയ യാഥാർഥ്യങ്ങളെയും തന്ത്രപരമായ ഒത്തുചേരലിനെയും പരസ്പര നേട്ടത്തെയും പ്രതിഫലിപ്പിക്കുന്നുവെന്ന് ജയശങ്കർ അഭിപ്രായപ്പെട്ടു.