കണ്ണൂർ: താടി വടിച്ച് രൂപം മാറ്റിയാലോ എന്ന ചിന്തയിലാണ് നമ്മുടെ മോദി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചാണ് പറയുന്നതെന്ന് വിചാരിച്ചാൽ തെറ്റി. കഴിഞ്ഞ കുറച്ച് നാളുകളായി വാട്സാപ്പിൽ വൈറലായ ഒരു മോദിയുണ്ടല്ലോ നമുക്ക്. അദ്ദേഹമാണ് ഇപ്പോൾ താടി വടിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്.
ആദ്യം നരേന്ദ്ര മോദി പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിൽക്കുന്നു എന്ന് പറഞ്ഞാണ് ആ ചിത്രം പ്രചരിച്ചത്. പിന്നീട് കോട്ടയത്തും തിരുവനന്തപുരത്തും തൃശൂരും മോദി എത്തി എന്ന രീതിയിലായി പ്രചാരണം. ഇപ്പോഴാണ് സത്യം വെളിച്ചതായത്. അത് നരേന്ദ്ര മോദിയല്ല, പയ്യന്നൂരുകാരൻ രാമചന്ദ്രനാണ്. പയ്യന്നൂരിനടുത്ത് മാത്തിൽ കുറുവേലി പുതിയ റോഡിലെ പരിഞ്ഞാറെ കൊഴുമ്മൽ വീട്ടിൽ രാമചന്ദ്രനാണ് ആ മോദി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി രൂപ സാദൃശ്യമുള്ള ഇദ്ദേഹം ബംഗളൂരുവിലെ മകന്റെ അടുത്തേക്ക് പോകാൻ പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ആരോ ഫോട്ടോ എടുത്തതും മോദി പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽ എന്ന എന്ന അടിക്കുറിപ്പോടെ വാട്സാപ്പിൽ ഇട്ടതും. സംഗതി തെറ്റാണെന്ന വിശ്വാസത്തിൽ തന്നെ പലരും അത് ഷെയർ ചെയ്തു. ഒടുവിൽ നാട്ടുകാർ ഇതു കാണുകയും രാമചന്ദ്രനെ തിരിച്ചറിയുകയുമായിരുന്നു.
മുംബൈയിൽ സ്വകാര്യ കന്പനിയിൽ ഏറെക്കാലം ജോലി ചെയ്ത രാമചന്ദ്രൻ പിന്നീട് ജോലി മതിയാക്കി പത്തു വർഷത്തോളം സൗദി അറേബ്യയിൽ ആയിരുന്നു. മോദിയുമായുള്ള സാദൃശ്യത്തെ കുറിച്ച് ചോദിച്ചപ്പോൾ രാമചന്ദ്രന്റെ മറുപടി ഇങ്ങനെയായിരുന്നു “” എന്റെ ഈ പ്രായവും നരച്ച താടിരോമവുമൊക്കെ മോഡിയുമായി കൂടുതൽ ചേർച്ച തോന്നാൻ കാരണമായിട്ടുണ്ടാകും. ഞാൻ ഹരിദ്വാർ, കാശി തുടങ്ങിയ പുണ്യസ്ഥലങ്ങളൊക്കെ സന്ദർശിക്കാൻ പോകാറുണ്ട്.
അപ്പോഴൊക്കെ എന്റെ മോഡിയുമായുള്ള സാദൃശ്യം കണ്ട് പലരും കൂടെ കൂടും. സംസാരിക്കും. സെൽഫിയെടുക്കും. എന്നാൽ, ഇപ്പോൾ വാട്സാപ്പിൽ വന്നപ്പോഴാണ് നാട്ടിലടക്കം സംസാരമായത്. താടി വടിച്ച് രൂപം മാറ്റിയാലോ എന്ന ചിന്തയിലാണിപ്പോൾ”. മിമിക്രിയിൽ ഇത്തരം ആൾക്കാർക്ക് നല്ല സ്കോപ്പാണെന്ന് സൂചിപ്പിച്ചപ്പോൾ 64 കാരനായ രാമചന്ദ്രൻ വെറുതെ ഒന്നു ചിരിച്ചു. ഓമനയാണ് രാമചന്ദ്രന്റെ ഭാര്യ. മക്കൾ: രാജീവ്, രാജേഷ്.