കാര്‍മേഘങ്ങളുടെ മറവില്‍ പാക്കിസ്ഥാന്റെ റഡാറുകളില്‍ നിന്ന് ഇന്ത്യയുടെ പോര്‍വിമാനങ്ങള്‍ക്ക് രക്ഷനേടാമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശം രാജ്യത്തിനകത്ത് വ്യാപകമായ പരിഹാസമാണ് ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. ഇതിനിടെ ഇപ്പോഴിതാ മോദിയുടെ തിയറിയെക്കുറിച്ച് തിരക്കി ലോകരാജ്യങ്ങളും രംഗത്തെത്തിയിരിക്കുന്നു.
പോര്‍വിമാനം നിര്‍മിക്കുന്നതില്‍ മുന്നില്‍ നില്ക്കുന്ന ഫ്രാന്‍സ്, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളാണ് മോദിയുടെ ക്ലൗഡ് തിയറി കാര്യമായി തിരച്ചില്‍ നടത്തിയിരിക്കുന്നത്. ഇന്ത്യക്ക് റഫാല്‍ പോര്‍വിമാനം നിര്‍മിച്ചു നല്കുന്ന ഫ്രാന്‍സില്‍ നിന്നാണ് മോദിയുടെ പുതിയ തിയറി ഏറ്റവും കൂടുതല്‍ തിരഞ്ഞതെന്നതാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധേയമായ കാര്യം.
പോളണ്ട്, ഓസ്ട്രേലിയ, യുകെ, ജര്‍മ്മനി, സിംഗപ്പൂര്‍, കാനഡ എന്നീ രാജ്യങ്ങളും പട്ടികയില്‍ ഉണ്ട്. ഇതില്‍ ഇന്ത്യ എട്ടാമതാണ്. ലോകശക്തികളെ ഒന്നടങ്കം ഗൂഗിളില്‍ തിരയാന്‍ പ്രേരിപ്പിച്ച ഒന്നായിരുന്നു മോദിയുടെ ക്ലൗഡ് തിയറി.
ഫെബ്രുവരിയില്‍ ഇന്ത്യന്‍ സേന ബാലാകോട്ട് ആക്രമണം നടത്തിയത് തന്റെ പ്രത്യേക തിയറി ഉപയോഗിച്ചാണെന്ന് പറഞ്ഞുകൊണ്ട് മോദി നടത്തിയ പരാര്‍ശങ്ങളാണ് വിമര്‍ശിക്കപ്പെടുകയും പരിസഹിക്കപ്പെടുകയും ചെയ്യുന്നത്. ആക്രമണവുമായി മുന്നോട്ടു പോകണോ എന്നത് സംബന്ധിച്ച് വിദഗ്ധരെല്ലാം രണ്ട് മനസിലായിരുന്നെന്ന് പറഞ്ഞാണ് മോദി സംസാരം തുടങ്ങിയത്.
” നിങ്ങള്‍ ഓര്‍ക്കേണ്ട ഒരു കാര്യം അന്ന് കാലാവസ്ഥ ഒട്ടും അനുകൂലമായിരുന്നില്ല. നന്നായി മഴ പെയ്യുന്നുണ്ടായിരുന്നു. മേഘങ്ങളും കൂടുതലായിരുന്നു. വ്യോമാക്രമണം നടത്താമെന്ന് തീരുമാനിച്ച ദിവസം മാറ്റാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഞാന്‍ ഈ മേഖലയിലെ വിദഗ്ധനോ ശാസ്ത്രജ്ഞനോ ഒന്നുമല്ല. എങ്കിലും അപ്പോള്‍ എന്റെ മനസില്‍ തോന്നിയ ഒരു കാര്യം റഡാറില്‍ നിന്നും ഇന്ത്യന്‍ വിമാനങ്ങളെ മറയ്ക്കാന്‍ അപ്പോഴുണ്ടായിരുന്ന മേഘങ്ങള്‍ക്ക് സാധിക്കുമെന്നതാണ്. അത് നമുക്ക് ഗുണം ചെയ്യുമെന്നും തോന്നി. അങ്ങനെയാണ് അത്തരമൊരു കാലാവസ്ഥയില്‍ ആക്രമണത്തിന് തീരുമാനിക്കുന്നത്. ‘- എന്നായിരുന്നു മോദി പറഞ്ഞത്.