ന്യൂഡൽഹി: റഫാൽ യുദ്ധവിമാന ഇടപാടിൽ പ്രധാനമന്ത്രി കൂടുതൽ പ്രതിരോധത്തിൽ. ഫ്രഞ്ചു സർക്കാരുമായി പ്രധാനമന്ത്രി യുടെ ഓഫീസ് അനധികൃത സമാന്തര ഇടപെടൽ നടത്തിയെന്നും ഇതിനെ പ്രതിരോധ മന്ത്രാലയം എതിർത്തിരുന്നതായും റിപ്പോർട്ട് പുറത്തുവന്നതോടെയാണ് മോദി കൂടുതൽ കുരുക്കിലായത്.
പ്രതിരോധ മന്ത്രാലയവും കൂടിയാലോചനകൾക്കായുള്ള ഇന്ത്യൻ സംഘവും ചർച്ച നടത്തുന്പോൾ പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തുന്ന ഇടപെടൽ രാജ്യതാത്പര്യങ്ങൾക്ക് എതിരാണെന്ന് അന്നത്തെ പ്രതിരോധ സെക്രട്ടറി ജി. മോഹൻ കുമാർ കുറിപ്പെഴുതി. സ്ഥിതിഗതികൾ വ്യക്തമാക്കി 2015 നവംബർ 24ന് അന്നത്തെ പ്രതിരോധ മന്ത്രി മനോഹർ പരീക്കർക്ക് മോഹൻ കുമാർ നൽകിയ കത്ത് ദ ഹിന്ദു ദിനപത്രം പുറത്തുവിട്ടു.
പ്രതിരോധ മന്ത്രാലയവും ഫ്രഞ്ച് സർക്കാരും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളെക്കുറിച്ചാണു സുപ്രീംകോടതിയിൽ നടന്ന കേസിൽ കേന്ദ്രസർക്കാർ വിശദമാക്കിയിരുന്നത്. വ്യോമസേനാ ഡെപ്യൂട്ടി ചീഫിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ചർച്ചകൾ നടത്തിയിരുന്നതെന്നാണു കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത്. റഫാൽ യുദ്ധവിമാന കരാറിനായി പ്രധാനമന്ത്രി വഴിവിട്ട് ഇടപെട്ടെന്നു സുപ്രീംകോടതിയെ സമീപിച്ച ഹർജിക്കാരും കോണ്ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും ആരോപിക്കുന്നത് തള്ളിക്കളയുന്നതിനിടെയാണ് പുതിയ തെളിവുകൾ പുറത്തുവന്നിരിക്കുന്നത്.
അതേസമയം, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ രാജ്യതാത്പര്യങ്ങൾക്ക് എതിരല്ലെന്നു മനോഹർ പരീക്കർ മറുപടി നൽകിയതു ചൂണ്ടിക്കാട്ടി കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമൻ വിശദീകരണവുമായി രംഗത്തെത്തി. പ്രതിരോധ സെക്രട്ടറിയുടെ കത്ത് പൂർണമല്ലെന്നും കരാറിന്റെ പുരോഗതി വിലയിരുത്തുക മാത്രമാണ് ചെയ്തതെന്നും മനോഹർ പരീക്കർ കുറിപ്പെഴുതിയതാണെന്നും നിർമല സീതാരാമൻ പറഞ്ഞു.
കള്ളനും കാവൽക്കാരനും ഒരാൾതന്നെ: രാഹുൽ
കള്ളനും കാവൽക്കാരനും ഒരാൾ തന്നെയാണെന്നു വ്യക്തമായെന്നാരോപിച്ച് രംഗത്തെത്തിയ കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, രാജ്യത്തിന്റെ 30,000 കോടി രൂപ പ്രധാനമന്ത്രി അനിൽ അംബാനിക്ക് നേരിട്ടു കൊണ്ടുകൊടുത്തെന്നും ആരോപിച്ചു.