ഹിന്ദുമതത്തെക്കുറിച്ച് രാഹുല്‍ ഗാന്ധി തന്നെ പഠിപ്പിക്കേണ്ടതില്ല! തന്റെ ജാതി ചോദിച്ച രാഹുല്‍ എവിടെ നിന്നാണ് ഹിന്ദുത്വം പഠിച്ചത്; രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിനെതിരെ ആഞ്ഞടിച്ച് മോദി

ഹിന്ദുമതത്തെക്കുറിച്ച് രാഹുല്‍ ഗാന്ധി തന്നെ പഠിപ്പിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശ്രീരാമനില്ലെന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും മോദി പറഞ്ഞു. രാജസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ ഹിന്ദുമതം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന കാര്യം മനസിലാകുന്നില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

രാജസ്ഥാനിലെ ജനങ്ങള്‍ക്ക് വൈദ്യുതി, വിദ്യാഭ്യാസം എന്നീ വിഷയങ്ങളിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് വേണ്ടത്. അല്ലാതെ ഹിന്ദുമതത്തെ കുറിച്ച് തനിക്ക് അറിയുമോ ഇല്ലയോ എന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദി എന്തുതരം ഹിന്ദുവാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്കാണ് മോദിയുടെ മറുപടി.

പ്രധാനമന്ത്രിക്ക് ഹിന്ദുത്വത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ എങ്കിലും അറിയാമോ എന്ന് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ചോദിച്ചിരുന്നു. എന്നാല്‍ നമ്മുടെ ഗ്രാമീണര്‍ക്കു പോലും ഹിന്ദുത്വത്തിന്റെ അര്‍ത്ഥം അറിയാം എന്നും രാഹുല്‍ പറഞ്ഞിരുന്നു. തന്റെ ജാതി ചോദിച്ച രാഹുല്‍ എവിടെ നിന്നാണ് ഹിന്ദുത്വം പഠിച്ചതെന്ന് മോദി തിരിച്ചടിക്കുകയും ചെയ്തു.

ഹിന്ദുത്വത്തെക്കുറിച്ചുള്ള രാഹുലിന്റെ അവകാശവാദം തമാശയാണ്. ഹിന്ദുത്വ തത്വങ്ങള്‍ അറിയാമായിരുന്നെങ്കില്‍ രാഹുല്‍ തന്റെ ജാതി ചോദിക്കില്ലായിരുന്നു. മുഗള്‍ രാജാക്കന്‍മാര്‍ തകര്‍ത്ത സോമനാഥ ക്ഷേത്രം പുനര്‍നിര്‍മ്മിക്കുന്നതില്‍ നിന്ന് സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ തടഞ്ഞത് ജവഹര്‍ലാല്‍ നെഹ്റുവാണ്. നെഹ്റു കുടുംബത്തിന്റെ ചെയ്തികള്‍ക്ക് രാഹുല്‍ ഹിന്ദുക്കള്‍ക്ക് വിശദീകണം നല്‍കേണ്ടി വരുമെന്നും മോദി പറഞ്ഞു.

Related posts