ജിജി ലൂക്കോസ്
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ അവസാനഘട്ട വോട്ടെടുപ്പിലുള്ള പ്രചാരണം അവസാനിക്കാൻ മിനിറ്റുകൾ മാത്രം അവശേഷിക്കേ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടകീയമായി മാധ്യമങ്ങൾക്കു മുന്നിലെത്തി. അഞ്ചു വർഷത്തെ ഭരണത്തിനിടെ ആദ്യമായാണ് അദ്ദേഹം പത്രസമ്മേളത്തിനെത്തുന്നത്.
മോദി പത്രസമ്മേളനം നടത്താറില്ലെന്നു ചൂണ്ടിക്കാട്ടി കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അടക്കമുള്ളവർ നടത്തുന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മോദിയുടെ അപ്രതീക്ഷിത നീക്കം. എന്നാൽ, മാധ്യമ പ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാൻ പ്രധാനമന്ത്രി തയാറായില്ല.
അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണെന്നും ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടത് പാർട്ടി അധ്യക്ഷൻ അമിത് ഷായാണെന്നും പറഞ്ഞ് മോദി ഒഴിവാകുകയായിരുന്നു. ഇതേത്തുടർന്ന് പ്രധാനമന്ത്രിയോടുള്ള ചോദ്യങ്ങൾക്കെല്ലാം അമിത് ഷായാണ് മറുപടി നൽകിയത്. റഫാൽ അടക്കമുള്ള വിഷയങ്ങളെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക്, അവയെല്ലാം ആരോപണങ്ങൾ മാത്രമാണെന്നും അവയ്ക്കു കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമൻ നിരവധി തവണ പാർലമെന്റിൽ മറുപടി നൽകിയതാണെന്നും അമിത് ഷാ പറഞ്ഞു.
എൻഡിഎ സർക്കാർ കൊണ്ടുവന്ന വികസനകാര്യങ്ങളും ഭരണനേട്ടങ്ങളുമാണ് അമിത് ഷാ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ മോദി പറഞ്ഞത്. കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
സാധാരണക്കാരന്റെ ജീവിതനിലവാരം മോദിയുടെ ഭരണകാലത്ത് ഉയർന്നെന്നും വികസനം വർധിച്ചെന്നും എല്ലാ ആറ് മാസത്തിലും ഓരോ പുതിയ പദ്ധതികൾ കൊണ്ടുവന്നെന്നും അമിത് ഷാ അവകാശപ്പെട്ടു.
ബിജെപി സർക്കാർ എല്ലാ വാഗ്ദാനങ്ങളും പാലിച്ചു. കൃഷിക്കാർ മുതൽ മധ്യവർഗക്കാർ വരെയുള്ളവർക്കായി നിരവധി പദ്ധതികൾ കൊണ്ടുവന്നു. ആയുഷ്മാൻ ഭാരത്, ജൻധൻ യോജന എന്നിവ മികച്ച നേട്ടങ്ങളാണ്. കൃത്യമായ പദ്ധതിയോടെയാണ് ലോക്സഭാ തെരഞ്ഞെടുപ്പിനു ബിജെപി ഒരുങ്ങിയത്. ആറ് സംസ്ഥാന സർക്കാരുകൾ മാത്രമുണ്ടായിരുന്ന ബിജെപി ഇപ്പോൾ രാജ്യമെങ്ങുമുണ്ട്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ബിജെപി സർക്കാരുകൾ എത്തി. സഖ്യസർക്കാരുകൾ രൂപീകരിച്ചത് നേട്ടമാണെന്നും അമിത് ഷാ അവകാശപ്പെട്ടു.
മഹാത്മഗാന്ധിയെ വധിച്ച ഗോഡ്സെയെക്കുറിച്ചുള്ള പരാമർശത്തിന് പാർട്ടിയുടെ സ്ഥാനാർഥി പ്രജ്ഞ സിംഗ് ഠാക്കൂറിനു കാരണംകാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. പത്ത് ദിവസത്തിനകം വിശദീകരണം നൽകണം. മറ്റ് മൂന്നു നേതാക്കൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. മറുപടി ലഭിച്ചശേഷം പാർട്ടിയുടെ അച്ചടക്ക കമ്മിറ്റി നടപടി സ്വീകരിക്കും- അമിത് ഷാ പറഞ്ഞു.