തിരുവനന്തപുരം: മോദി അനുകൂല പ്രസ്താവനയിൽ തന്നെ വിമർശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു മറുപടിയുമായി ശശി തരൂർ എംപി. കോണ്‍ഗ്രസിൽ മറ്റാരേക്കാളും മോദിയെ എതിർത്തിട്ടുള്ളതു താനാണെണെന്നും തന്നെ പഠിപ്പിക്കാൻ ആരും വരേണ്ടെന്നും തരൂർ തിരിച്ചടിച്ചു.
മോദിയുടെ നല്ല കാര്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കോണ്‍ഗ്രസിന്റെ വിശ്വാസ്യത കുറയും. പാർട്ടിയെ അതു ദോഷകരമായി ബാധിക്കും. ജയറാം രമേശും അഭിഷേക് സിംഗ്വിയും പറഞ്ഞതു തെറ്റല്ല. നല്ലതു ചെയ്താൽ അതു പറയണം. ആവശ്യം വരുന്പോൾ മോദിയെ കഠിനമായി വിമർശിക്കണം.
മോദിയെ ശക്തമായി വിമർശിച്ചു പുസ്തകം എഴുതിയ ആളാണു താൻ. ബിജെപിയെ എതിർത്തതിനു രണ്ടു കേസുകളാണു തനിക്കെതിരെയുള്ളത്. വിമർശനങ്ങൾ ശക്തമായി തുടരുമെന്നും തരൂർ പറഞ്ഞു.
താൻ എന്താണു പറഞ്ഞതെന്ന് അറിയാതെ വിമർശിക്കരുത്. കേസിനെ പേടിച്ചായിരുന്നെങ്കിൽ തനിക്കു നേരത്തെ ഈ നിലപാട് എടുക്കാമായിരുന്നെന്നും തരൂർ പറഞ്ഞു.
മോദി അനുകൂല പരാമർശവുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് ആദ്യം രംഗത്തെത്തിയത്. മോദി അത്ര മോശക്കാരനല്ലെന്നും മോദിയെ എപ്പോഴും കുറ്റം പറയുന്നതു കോണ്‍ഗ്രസിന് ഗുണം ചെയ്യില്ലെന്നായിരുന്നു രമേശിന്റെ പരാമർശം. ഇതിനു പിന്നാലെ അഭിഷേക് മനു സിംഗ്വിയും ശശി തരൂരും ഇതേ നിലപാട് ആവർത്തിച്ചു.
ഞായറാഴ്ച തരൂരിന്റെ പരാമർശങ്ങൾക്കെതിരേ ചെന്നിത്തല രംഗത്തെത്തി. ആരു പറഞ്ഞാലും മോദിയുടെ ദുഷ്ചെയ്തികൾ മറച്ചുവയ്ക്കാനാകില്ലെന്നും ആയിരം തെറ്റുകൾ ചെയ്തിട്ട് ഒരു ശരി ചെയ്തുവെന്നു പറഞ്ഞു മോദിയെ ഉയർത്തിപ്പിടിക്കേണ്ട ആവശ്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.