ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം അനുമതിയില്ലാതെ പരസ്യത്തിൽ ഉപയോഗിച്ചതിന് പേടിഎമ്മും റിലയൻസ് ജിയോയും മാപ്പുപറഞ്ഞു. സർക്കാർ അനുമതിയില്ലാതെ മോദിയുടെ ചിത്രം പരസ്യത്തിൽ നൽകിയതിനാണ് മാപ്പ് പറഞ്ഞത്. വിജയ് ശേഖർ ശർമയുടെ ഉടമസ്ഥതയിലുള്ളതാണ് പേടിഎം. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലാണ് റിലയൻസ് ജിയോ.
ഇരുകന്പനികൾക്കും സർക്കാർ നേരത്തെ നോട്ടീസ് അയച്ചിരുന്നു. വ്യാവസായിക നേട്ടത്തിനായി പ്രധാനമന്ത്രിയുടെ ചിത്രം സർക്കാർ അനുമതിയില്ലാതെ പ്രസിദ്ധീകരിച്ചതു സംബന്ധിച്ച് വിശദീകരിക്കണം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. കഴിഞ്ഞ സെപ്റ്റംബറിലാണ് റിലയൻസ് ജിയോ മോദിയുടെ ചിത്രമുള്ള പരസ്യം പ്രസിദ്ധീകരിച്ചത്. പത്രങ്ങളിൽ മുഴുപ്പേജ് പരസ്യമാണ് നൽകിയത്.
അതിനു പിന്നാലെ നവംബറിൽ നോട്ട് നിരോധനത്തിനുശേഷമായിരുന്നു പേടിഎമ്മിന്റെ മോദി പരസ്യം. നോട്ട് നിരോധനത്തിൽ മോദിയെ അഭിനന്ദിച്ചായിരുന്നു പരസ്യം. രണ്ടു പരസ്യങ്ങളും വ്യാപക പ്രതിഷേധങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു.