ന്യൂഡൽഹി: രാജ്യത്ത് 45 വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ തൊഴിൽ നഷ്ടം എൻഡിഎ ഭരണ കാലത്തെന്ന് റിപ്പോർട്ട്. എൻഡിഎ ഭരണം നാലുവർഷം പിന്നിട്ടപ്പോൾ 4.7 കോടി തൊഴിൽ നഷ്ടമായി. സൗദി അറേബ്യയുടെ മൊത്ത ജനസംഖ്യയേക്കാൾ കൂടുതലാണ് ഇന്ത്യയിൽ തൊഴിൽ നഷ്ടപ്പെട്ടവരുടെ എണ്ണം. ഈ വിവരമടങ്ങിയ സർവേ റിപ്പോർട്ട് ഗവൺമെന്റ് പ്രസിദ്ധീകരിക്കാതെ പൂഴ്ത്തിവച്ചു. പുറത്തുവിടാതിരുന്ന റിപ്പോർട്ടിലെ വിവരങ്ങൾ ഇന്നലെ ഒരു ഇംഗ്ലീഷ് ദിനപത്രം പ്രസിദ്ധപ്പെടുത്തി.
ദേശീയ സാന്പിൾ സർവേ ഓർഗനൈസേഷന്റെ (എൻഎസ്എസ്ഒ) ആനുകാലിക തൊഴിൽ സേനാ സർവേ (പീരിയോഡിക് ലേബർ ഫോഴ്സ് സർവേ) 2017-18 ആണു ഗവൺമെന്റ് രഹസ്യമാക്കി വച്ചത്. ഇതു പ്രസിദ്ധീകരിക്കാത്തതിനെത്തുടർന്നാണു നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷന്റെ ആക്ടിംഗ് ചെയർമാൻ പി.സി. മോഹനനും അംഗം ജെ.വി. മീനാക്ഷിയും രാജിവച്ചത്.
ഡിസംബറിൽ തയാറാക്കി നൽകിയതാണു റിപ്പോർട്ട്. കറൻസി റദ്ദാക്കി എട്ടുമാസം കഴിഞ്ഞ് 2017 ജൂലൈയിലാരംഭിച്ച സർവേ ജിഎസ്ടി നടപ്പാക്കി ഒരുവർഷം തികഞ്ഞ 2018 ജൂൺ വരെയുള്ള കാലത്തെ വിവരങ്ങളാണു ശേഖരിച്ചത്.
2011-12 ൽ തൊഴിൽ സർവേ നടത്തിയിരുന്നു. പിന്നീട് 2017-18 ലാണു നടത്തിയത്. 2011-12 ൽ ഗ്രാമമേഖലയിൽ 30.9 കോടി പേർക്കു തൊഴിലു ണ്ടായിരുന്നു. 2017-18 ൽ അത് 26.6 കോടിയായി കുറഞ്ഞു. 4.3 കോടിയുടെ കുറവ്. നഗരമേഖലയിൽ ഇതേ സമയം 11.1 കോടിയിൽനിന്നു 10.7 കോടിയിലേക്കു തൊഴിൽസംഖ്യ കുറഞ്ഞു. നഷ്ടം 40 ലക്ഷം തൊഴിൽ. ഗ്രാമ-നഗര മേഖലകൾ മൊത്തം ചേർത്താൽ നഷ്ടം 4.7 കോടി തൊഴിൽ. ജനസംഖ്യ പത്തുകോടി കണ്ടു വർധിച്ചപ്പോഴാണ് ഈ വലിയ നഷ്ടം. ഗ്രാമങ്ങളിൽ നഷ്ടപ്പെട്ട തൊഴിലിൽ 68 ശതമാനവും സ്ത്രീകളുടേതായിരുന്നു. അതേസമയം, നഗരങ്ങളിൽ നഷ്ടപ്പെട്ട തൊഴിലിൽ 96 ശതമാനവും പുരുഷന്മാരുടേതായിരുന്നു.
2011-12 നെ അപേക്ഷിച്ചു തൊഴിലില്ലായ്മ നിരക്ക് മൂന്നിരട്ടിയോളമായെന്നും റിപ്പോർട്ട് കാണിക്കുന്നു. 2011-12 ൽ 2.2 ശതമാനമായിരുന്ന തൊഴിലില്ലായ്മ 2011-18 ൽ 6.1 ശതമാനമായി. 1993-94 മുതൽ അഞ്ചുതവണയാണു തൊഴിൽ സർവേ നടന്നിട്ടുള്ളത്.
നാലുതവണയും തലേ തവണയേക്കാൾ തൊഴിൽ സംഖ്യ വർധിച്ചിരുന്നു. ഇതാദ്യമാണ് മൊത്തം തൊഴിലിൽ കുറവു വന്നത്. എൻഡിഎ സർക്കാർ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദന) കണക്കിൽ കൃത്രിമം കാണിക്കുന്നെന്നും ഗവൺമെന്റിനു ഹിതകരമല്ലാത്ത റിപ്പോർട്ടുകളും കണക്കുകളും പൂഴ്ത്തിവയ്ക്കുന്നെന്നും ആരോപിച്ചു 108 ധനശാസ്ത്രജ്ഞർ കഴിഞ്ഞയാഴ്ച പ്രസ്താവന ഇറക്കിയിരുന്നു.
അതിനെ പ്രതിരോധിക്കാൻ ചാർട്ടേഡ് അക്കൗണ്ടന്റുമാരെക്കൊണ്ട് ഒരു പ്രസ്താവന സർക്കാർ ഇറക്കിച്ചു. എന്നും എതിർനിലപാട് എടുക്കുന്നവരും വിമർശകരുമാണു പ്രസ്താവനയിറക്കിയ ധനശാസ്ത്രജ്ഞരെന്നു ധനമന്ത്രി അരുൺ ജയ്റ്റ്ലി ട്വീറ്റ് ചെയ്യുകയുമുണ്ടായി.