വടക്കഞ്ചേരി : ഒരു ലക്ഷം അരിമണികൾ കൊണ്ട് പ്രധാനമന്ത്രിക്ക് ഒന്പതാം ക്ലാസുകാരന്റെ പിറന്നാൾ സമ്മാനം. പന്തലാംപാടം മേരി മാതാഹയർ സെക്കൻഡറി സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാർത്ഥി അമിത് കൃഷ്ണയാണ് റേഷനരി കൊണ്ട് ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പടം രൂപപ്പെടുത്തി ശ്രദ്ധേയനായത്.
ഒരു കിലോ അരി ഇതിന് വേണ്ടി വന്നു.ഏറെ മണിക്കൂറുകൾ സമയമെടുത്താണ് പടം തയാറാക്കിയതെന്ന് അമിത് കൃഷ്ണ പറഞ്ഞു. ഓരോ മണിയും എടുത്ത് അത് ഒട്ടിച്ചാണ് ചിത്ര പൂർത്തികരണം. എപ്പോഴെങ്കിലും അവസരം കിട്ടുന്പോൾ പ്രധാനമന്ത്രിക്ക് നൽകാൻ അപൂർവ്വമായ ഈ ചിത്രം സൂക്ഷിച്ചു വെക്കും.
ചിത്രകലാധ്യാപകരായ വടക്കഞ്ചേരി ടൗണിനടുത്ത് കമ്മാന്തറ ഗോപാൽജിയുടെയും എൻ.കെ.ശ്രീദേവിയുടെയും മകനാണ് ഈ മിടുക്കൻ. മൂന്നര വയസു മുതൽ ചിത്രകലാരംഗത്തെ നിറസാന്നിധ്യമാണ് അമിത് കൃഷ്ണ.
ചെറുപ്പം മുതൽ വരകളും വർണ്ണങ്ങളും കണ്ട് വളർന്ന അമിത് കൃഷ്ണ ഇതിനോടകം നിരവധി അംഗീകാരങ്ങളും ബഹുമതികളും കലാരംഗത്തു നിന്നും നേടിയിട്ടുണ്ട്. ചിത്രകലയിൽ വേറിട്ട ശൈലി ഇഷ്ടപ്പെടുന്ന അമിത് നിരവധി പെയിന്റിംഗ് എക്സിബിഷനുകളിലെ സ്ഥിരം പങ്കാളിയാണ്.
പെയിന്റിംഗ് സ്ട്രീറ്റ് ഷോകളും നടത്തിയിട്ടുണ്ട്. അരിമണികൾ ഉപയോഗിച്ച് ചിത്രങ്ങൾ വരയ്ക്കുന്ന പുതിയ ശൈലിയിൽ ഒരു വർഷമായി സ്വയം പരിശീലനം നേടി വരികയായിരുന്നു. ഇതിനോടകം ചിത്രരചനയിലും പെയിന്റിംഗിലും നാഷണൽ ലെവൽ മത്സരങ്ങളിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയിട്ടുണ്ട്.
ഫിംഗർ പെയിന്റിംഗ്, പെൻസിൽ ഷെഡിങ്, ഓയിൽ പെയിന്റിംഗ്, ഡിജിറ്റൽ പെയിന്റിംഗ് എന്നിവ ചെയ്യാറുണ്ടെന്ന് അച്ഛൻ ഗോപാൽജി പറഞ്ഞു. അരിമണികൾ ഉപയോഗിച്ച് എ.ആർ റഹ്മാൻ, ബ്രൂസിലി, മോഹൻലാൽ, മുഖ്യമന്ത്രി പിണറായി വിജയൻ, അബ്ദുൽകലാം എന്നിവരുടെ ഫോട്ടോകൾ ചെയ്തിട്ടുണ്ടെങ്കിലും ഇത്ര വലിയ ചിത്രം ആദ്യമായിട്ടാണ്. നാല് അടി നീളവും മൂന്നടി വീതിയും ആണ് മോദി ചിത്രത്തിന്റെ വലുപ്പം.