നിയാസ് മുസ്തഫ
പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിശദീകരണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഗുജറാത്തിലെ ഗാന്ധിനഗർ ലോക്സഭാ മണ്ഡലത്തിൽ ഇന്നലെ വോട്ട് ചെയ്യാനെത്തിയപ്പോൾ റോഡ്ഷോ നടത്തിയെന്ന കോൺഗ്രസിന്റെ പരാതിയെത്തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രധാനമന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രധാനമന്ത്രി നിരന്തരം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു കൊണ്ടിരിക്കുകയാണെന്ന് കോണ്ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി ആരോപിക്കുന്നു. വലിയ ഉത്തരവാദിത്വമുള്ള, ഉയർന്ന പദവിയാണ് പ്രധാനമന്ത്രിയുടേത്. എന്നാൽ ഇവയൊന്നും പരിഗണിക്കാതെ തുടർച്ചയായി അദ്ദേഹം പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അദ്ദേഹം വില നൽകുന്നില്ലെന്നും സിംഗ്വി വ്യക്തമാക്കുന്നു.
48-72 മണിക്കൂർ നേരത്തേക്കെങ്കിലും പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് വിലക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുന്നു. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് വോട്ട് ചെയ്യാനെത്തിയ പ്രധാനമന്ത്രി റോഡ് ഷോ നടത്തിയതായി പറയുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ മത്സരിക്കുന്ന മണ്ഡലമാണിത്. നേരത്തെ ബിജെപിയുടെ മുതിർന്ന നേതാവ് എൽ കെ അദ്വാനിയുടെ മണ്ഡലമായിരുന്നു ഗാന്ധിനഗർ.
ഗാന്ധിനഗർ മണ്ഡലത്തിലെ റാണിപ് നിഷാന്ത് ഹൈസ്കൂളിലെ 118-ാം നന്പർ ബൂത്തിലാണ് പ്രധാനമന്ത്രി വോട്ട് രേഖപ്പെടുത്തിയത്. ബലോൽനഗർ മുതൽ നിഷാന്ത് സ്കൂൾ വരെയാണ് മോദി റോഡ്ഷോ നടത്തിയതായി പ്രതിപക്ഷം ആരോപിക്കുന്നത്. ഗാന്ധി നഗർ ലോക്സഭാ മണ്ഡലത്തിൽ സബർമതി നിയമസഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്നതാണ് ഈ സ്ഥലം.
തുറന്ന വാഹനത്തിലെത്തിയ പ്രധാനമന്ത്രിയുടെ ഇരുവശത്തും തടിച്ചുകൂടിയ ജനം മുദ്രാവാക്യങ്ങൾ മുഴക്കി. പരസ്യപ്രചാരണം അവസാനിച്ചിട്ടും പാർട്ടിചിഹ്നവും പതാകയും വീശിയായിരുന്നു പ്രവർത്തകർ മോദിയെ വരവേറ്റത്. വോട്ടുചെയ്ത് പുറത്തിറങ്ങിയ മോദി മഷിയടയാളം പുരട്ടിയ വിരലുയർത്തി റോഡിലൂടെ നടന്ന് പ്രവർത്തകരെ അഭിവാദ്യം ചെയ്യുകയും ചെയ്തു.
വോട്ടെടുപ്പ് നടക്കുന്ന മേഖലയിൽ പോളിംഗ് അവസാനിക്കുന്നതുവരെയുള്ള 48 മണിക്കൂറിനിടയിൽ ഏതെങ്കിലും തരത്തിലുള്ള പൊതുയോഗങ്ങളോ ജാഥകളോ പരിപാടികളോ നടത്താൻ പാടില്ലെന്നാണ് നിയമം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മോദിയുടെ നടപടികൾ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ആരോപിച്ച് പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
ജനാധിപത്യത്തിന്റെ കരുത്തായ വോട്ടിംഗ് പ്രക്രിയയിൽ പങ്കാളിയായതിൽ സന്തോഷമുണ്ടെന്നും വോട്ട് ചെയ്തത് കുംഭമേളയിൽ സ്നാനം ചെയ്യുന്നത് പോലെ പവിത്രമായ അനുഭവമാണെന്നും മോദി പറഞ്ഞു.‘വോട്ടിന്റെ കരുത്ത് ബോംബിനേക്കാൾ പലമടങ്ങ് അധികമാണ്. ഭീകരതയുടെ ആയുധം ഐഇഡി ( ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് ) ആണെങ്കിൽ ജനാധിപത്യത്തിന്റെ ആയുധം വോട്ടർ ഐഡിയാണ്.
ആർക്കു വോട്ട് ചെയ്യണം, ആർക്കു ചെയ്യേണ്ട എന്നു തീരുമാനിക്കുന്ന ഇന്ത്യൻ വോട്ടർമാരുടെ ബുദ്ധി പഠിക്കേണ്ട വിഷയമാണ്. 21-ാം നൂറ്റാണ്ടിൽ ജനിച്ച് ആദ്യമായി വോട്ട് രേഖപ്പെടുത്തുന്ന എല്ലാവർക്കും ആശംസകളും നേരുന്നു. ’ വോട്ടെടുപ്പിനുശേഷം മോദി പറഞ്ഞു.
22ന് രാത്രി ഗാന്ധിനഗറിലെ രാജ്ഭവനിൽ താമസിച്ച പ്രധാനമന്ത്രി രാവിലെ അമ്മ ഹീരാബെന്നിനെ കാണാനെത്തി. ഇരുപത് മിനിറ്റോളം അമ്മയ്ക്കൊപ്പം ചെലവഴിച്ചു. അമ്മയുടെ പാദം വണങ്ങി അനുഗ്രഹം വാങ്ങി. പിന്നീട് അയൽക്കാരുമായും കുട്ടികളുമായും സംസാരിച്ച മോദി കുട്ടികൾക്കൊപ്പം സെൽഫിക്ക് പോസ് ചെയ്തു.
എല്ലാവരും നിർബന്ധമായും വോട്ട് ചെയ്യണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചുവെന്ന് അയൽക്കാർ പറഞ്ഞു.ഗാന്ധിനഗർ സീറ്റിൽ മൽസരിക്കുന്ന ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ വോട്ടുചെയ്യാനെത്തിയ മോദിയെ സ്വീകരിക്കാൻ പോളിംഗ് സ്റ്റേഷനിൽ എത്തിയിരുന്നു.അതേസമയം, പ്രധാനമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് ബിജെപിയുടെ നിലപാട്.