ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 11 വർഷത്തിനുള്ളിൽ രാഷ്ട്രീയംവിട്ട് സന്യാസത്തിലേക്കു തിരിയുമെന്ന് പ്രശസ്ത മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ മിൻഹാസ് മർച്ചന്റ്. 2029ഓടെ നരേന്ദ്ര മോദി അധികാരം ഉപേക്ഷിച്ച് സന്യാസിയുടെ ജീവിതം നയിക്കുന്നതിനായി ഹിമാലയത്തിലേക്കു പോകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡെയുടെ പരിപാടിയിൽ സംസാരിക്കവേയാണ് ഈ പ്രവചനം നടത്തിയത്.
പതിനെട്ടാം വയസിൽ അദ്ദേഹം ഹിമാലയത്തിലേക്കു പോയിരുന്നു. 80-ാം വയസിലും അദ്ദേഹം അതു തന്നെ ചെയ്യുമെന്നു താൻ ഉറപ്പ് നൽകുന്നു. അധികാരത്തിൽ കടിച്ചുതൂങ്ങി കിടക്കുന്നയാളല്ല അദ്ദേഹം. ഈ പറയുന്നതിലെ സൂചനകൾ 2024ലെ തെരഞ്ഞെടുപ്പിനോട് അടുപ്പിച്ച് വ്യക്തമായി തുടങ്ങും.
2029ലെ തെരഞ്ഞെടുപ്പിനു മുന്പ് ഇക്കാര്യം സംഭവിക്കുമെന്നും മർച്ചന്റ് അഭിപ്രായപ്പെട്ടു. എഴുത്തുകാരനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ മിൻഹാൻസ് മർച്ചന്റാണ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജീവചരിത്രം എഴുതിയത്.